പതിനെട്ടു വയസിനു താഴെയുള്ളവരുടെ വിവാഹം നിർത്തലാക്കാൻ സൗദി

സൌദിയിൽ പതിനെട്ടു വയസിനു താഴെയുള്ളവരുടെ  വിവാഹം നിർത്തലാക്കാൻ നിയമനിർമാണം നടത്തണമെന്നു സൌദി മനുഷ്യാവകാശ കമ്മീഷൻ. വിവിധ ഏജൻസികളുമായി ചേർന്നു കമ്മിഷൻ നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിൽ സർക്കാരിനു റിപ്പോർട്ട് കൈമാറി.  

കുട്ടികളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര നിയമത്തിൻറേയും സൌദി ശിശു സംരക്ഷണ നിയമത്തിൻറേയും അടിസ്ഥാനത്തിൽ പതിനെട്ടു വയസിനു താഴെയുള്ളവരെ കുട്ടികളായി മാത്രം പരിഗണിച്ചു സംരക്ഷിക്കണമെന്നാണ് സൌദി മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിൻറെ കാതൽ. കുട്ടികളുടെ പരിപാലനത്തിനും, ചൂഷണത്തിൽ നിന്നു  സംരക്ഷിക്കുന്നതിനും, മാതാപിതാക്കളെയും പരിപാലകരെയും ഉത്തരവാദികളാക്കുന്നതിനും നിയമനിർമാണം സഹായകരമാകുമെന്നു കമ്മിഷൻ വ്യക്തമാക്കുന്നു. 18 വയസ് പൂർത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിപ്പിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി രക്ഷിതാക്കളെ ശിക്ഷിക്കണമെന്നും നിർദേശത്തിലുണ്ട്. പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ വിവാഹത്തിലേര്‍പ്പെടുന്നത് വഴി നിരവധി പ്രതികൂല ഫലങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും പതിനെട്ടുവയസിനു മുൻപ് വിവാഹം കഴിക്കുന്നവരിൽ ശാരീരിക മാനസിക പ്രശ്നങ്ങളുണ്ടാകാമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. കുട്ടികളുടെ സംരക്ഷണം സമൂഹത്തിൻറെ കൂടി ഉത്തരവാദിത്തമാണെന്നും ഇതിനെതിരെ പ്രവർത്തിക്കുന്നവർക്കു നിയമത്തിലൂടെ ശിക്ഷ ഉറപ്പാക്കണമെന്നുമാണ് സൌദി മനുഷ്യാവകാശ കമ്മിഷൻറെ നിർദേശം. നിർദേശം പരിഗണനയ്ക്കെടുത്ത സർക്കാർ ഉടൻ അന്തിമ  തീരുമാനമെടുക്കുമെന്നാണ് സൂചന.