ഒന്നിച്ച് നിൽക്കാം, വെല്ലുവിളികളെ നേരിടാം; സഹിഷ്ണുതാ സമ്മേളനവുമായി ദുബായ്

വെറുപ്പും വിദ്വേഷവും വളർന്നുവരുന്നതാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന മുന്നറിയിപ്പുമായി ദുബായിൽ രാജ്യാന്തര സഹിഷ്ണുതാ സമ്മേളനം. ഒരുമിച്ചു നിന്നാൽ ദാരിദ്ര്യമുൾപ്പെടെ ഏല്ലാ വെല്ലുവിളികളേയും നേരിടാനാകുമെന്നു ഉച്ചകോടി പ്രഖ്യാപിച്ചു. ഇന്ത്യ അടക്കം നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിന്‍റെ ഭാഗമായി.

യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ  ഇന്ത്യയടക്കം നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള 3,000ത്തോളം പ്രതിനിധികളും 1,000 അധികം വിദ്യാർഥികളും  പങ്കെടുക്കുന്നുണ്ട്. ലോകസമാധാനത്തിനുള്ള കർമപരിപാടികൾക്ക്  സമ്മേളനം  രൂപം നൽകും. സഹിഷ്ണുത വളർത്താൻ സാമൂഹിക, സാംസ്കാരിക, കായിക, വിദ്യാഭ്യാസ മേഖലയിലടക്കം മാറ്റങ്ങൾ അനിവാര്യമാണെന്ന സന്ദേശമാണ് സമ്മേളനം പങ്കുവയ്ക്കുന്നത്. 

സമാധാനം, സഹിഷ്ണുത, സൌഹാർദം എന്നിവയിൽ അധിഷ്ഠിതമായ രാജ്യാന്തര സഹകരണം ലക്ഷ്യമിടുന്ന  രാജ്യങ്ങളുടെ രാജ്യാന്തര ശൃംഖല രൂപീകരിക്കാൻ തീരുമാനമായി. സഹിഷ്ണുത വളർത്താനുള്ള കർമപരിപാടികളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ വിദ്യാർഥികൾക്കു അവസരമുണ്ടാകും. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സുമായി സഹകരിച്ച് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ ടോളറൻസ് ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.