കേരളത്തിന്റെ രുചിക്കൂട്ടുകളെക്കുറിച്ചു അറബിക് നോവലുമായി ജോർദാൻ സ്വദേശി

jordan
SHARE

കേരളത്തിൻറെ രുചിക്കൂട്ടുകളെക്കുറിച്ചു അറബിക് നോവലുമായി ജോർദാൻ സ്വദേശി. ഷാർജ സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് അൽ നബുൽസിയുടെ തമർ വ മസാലയെന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ടൊവിനോ തോമസിനെ നായകനാക്കിയുള്ള സിനിമയാണ് കേരളത്തെ ഏറെ സ്നേഹിക്കുന്ന ഈ യുവാവിൻറെ  വലിയ സ്വപ്നം.

ഷാർജയിലെ പുതിയ താമസസ്ഥലത്തു ആരോ ഉപേക്ഷിച്ചുപോയ പാചകക്കുറിപ്പുകളിലൂടെയാണ് ജോർദാൻ സ്വദേശി മുഹമ്മദ് അൽ നബുൽസി കേരളത്തെ കണ്ടെത്തിയത്. കേരളത്തിൻറെ രുചിക്കൂട്ടുകൾ പരീക്ഷിച്ചു തുടങ്ങിയ ഇഷ്ടം ഇന്നെത്തി നിൽക്കുന്നത് ഈന്തപ്പഴവും മസാലയുമെന്ന അറബ് നോവലിലാണ്.  കേരളത്തിന്റെ രുചിതേടിയുള്ള ഒരു അറബ് യുവാവിന്റെ യാത്രയുടെ ഉദ്വേഗജനകവും രസകരവുമായ കഥയാണ് നോവലിൻറെ ഇതിവൃത്തം.

ഷാർജയിലെ മലയാളി സുഹൃത്തുക്കളാണ് കേരളത്തിലെത്താൻ വഴികാട്ടിയത്. ഫോർട്ട് കൊച്ചിയുടെ മനോഹാരിതയിൽ മയങ്ങിപ്പോയെന്നു പലസ്തീൻ വേരുകളുള്ള നബുൽസിയുടെ സാക്ഷ്യം. രുചിവൈവിധ്യം മാത്രമല്ല മലയാള സിനിമയും പാട്ടും പ്രകൃതിയേയുമെല്ലാം അടുത്തറിയുകയാണ് നബുൽസി. പ്രിയ നടൻ ടൊവിനോയെക്കുറിച്ചു പറയാൻ വാക്കുകളേറെ.

അജ്മാനിലെ സ്കൂൾ അധ്യാപകൻ മുരളി മംഗലത്തിൽ നിന്നും മലയാള ഭാഷ പഠിക്കുകയാണ് നബുൽസി. കേരളത്തെ ഇഷ്ടപ്പെടുന്ന ഈ അവിവാഹിതൻ ഇനി കേരളത്തിൻറെ മരുമകനാകുമോയെന്നതാണ് ജോർദാനിൽ നിന്നും അമ്മയുടെ ചോദ്യമെന്നും നബുൽസി ചിരിയോടെ പറഞ്ഞുവയ്ക്കുന്നു.

MORE IN GULF
SHOW MORE
Loading...
Loading...