ആദ്യം നമ്പര്‍ മാറി; പിന്നെ..; മലയാളിക്ക് 28 കോടി ഭാഗ്യം ‘വന്ന’ നാടകീയ വഴി: വിഡിയോ

sreenu-big-ticket-winner-with-friends
SHARE

അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടിപതികളായത് 22 ഇന്ത്യക്കാർ, ഇതില്‍ ഇരുപതു പേരും മലയാളികള്‍. ചെങ്ങന്നൂര്‍ പനച്ചനില്‍ കുന്നത്തില്‍ ശ്രീധരന്‍ നായരുടെ മകന്‍ ശ്രീനുവിന്‍റെ പേരിൽ സഹപ്രവർത്തകർ ചേർന്നെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ദുബായ് ജബല്‍അലിയിലെ കോംബര്‍ഗന്‍ ഷുബര്‍ത് കമ്പനിയിലെ ടെക്നിക്കൽ‍ ജീവനക്കാരായ 22 പേർ ചേർന്നാണു ടിക്കറ്റ് എടുത്തത്. 

1.5 കോടി ദിർഹം (ഏതാണ്ട് 28.85 കോടി രൂപ) നറുക്കെടുപ്പിൽ സമ്മാനം ലഭിച്ച മലയാളിയായ ശ്രീനുവിനെ ഈ സന്തോഷ വാർത്ത അറിയിക്കാൻ ചില്ലറയൊന്നുമല്ല അബുദാബി ബിഗ് ടിക്കറ്റിന്റെ അണിയറക്കാർ ബുദ്ധിമുട്ടിയത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു നറുക്കെടുപ്പ്. അബുദാബി ബിഗ് ടിക്കറ്റിന്റെ അവതാരകനായ റിച്ചാർഡ് ആണ് എപ്പോഴും മെഗാ സമ്മാനം ലഭിച്ച വിജയിയെ വിവരം അറിയിക്കുക. ഈ മാസത്തെ വിജയിയായ ശ്രീനുവിനെ ഈ വാർത്ത അറിയിക്കാൻ വിളിച്ചപ്പോൾ നമ്പർ മാറിപ്പോയെന്നാണ് ആദ്യം മറുപടി ലഭിച്ചത്. രണ്ടാമത്തെ നമ്പറിൽ വിളിച്ചപ്പോൾ ശ്രീനുവിന്റെ സുഹൃത്തിനെയാണ് ലഭിച്ചത്.

അവതാരകൻ ആദ്യം ഒരു നമ്പറിൽ വിളിക്കുകയും റിച്ചാർഡ് ആണെന്നും പറഞ്ഞുവെങ്കിലും മറുതലയ്ക്കൽ നിന്നും ഫോൺ കട്ട് ചെയ്യുകയായിരുന്നു. രണ്ടുമൂന്നു തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. വീണ്ടും വിളിച്ചപ്പോൾ ഫോൺ എടുത്തു. ശ്രീനുവാണോ എന്നുചോദിച്ചപ്പോൾ അല്ലെന്നും റിച്ചാർഡിനെ അറിയില്ലേ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നുമായിരുന്നു മറുപടി. ബിഗ് ടിക്കറ്റ് അധികൃതരും അവിടെ തടിച്ചുകൂടിയ ആളുകളും നെറ്റി ചുളിച്ചു. കൂടുതൽ സംസാരിച്ചപ്പോൾ തന്റെ പേര് വെളിപ്പെടുത്തിയ ആ വ്യക്തി നമ്പർ മാറിപ്പോയെന്ന് കൃത്യമായി മറുപടി നൽകി.

ആ നമ്പറിലെ ശ്രമം ഉപേക്ഷിച്ച് അവതാരകൻ റിച്ചാർഡ് രണ്ടാമത്തെ നമ്പറിൽ വിളിച്ചു. ഈ നമ്പറിൽ ഫോൺ എടുത്തെങ്കിലും ഹിന്ദിയിലായിരുന്നു മറുപടി പറഞ്ഞത്. പിന്നീട് അദ്ദേഹം ഇംഗ്ലീഷിലും സംസാരിച്ചു. നിങ്ങൾ ശ്രീനുവാണോ എന്നു ചോദിച്ചപ്പോൾ ശ്രീനു എന്റെ സുഹൃത്താണെന്ന് മറുതലയ്ക്കൽ നിന്നും മറുപടി. ശ്രീനുവിനോട് സംസാരിക്കാൻ എന്തുചെയ്യണമെന്ന് അവതാരകൻ ചോദിച്ചപ്പോൾ അരമണിക്കൂർ കഴിഞ്ഞു വിളിക്കൂ എന്നായിരുന്നു മറുപടി. ഒടുവിൽ അരമണിക്കൂറിനു ശേഷം വിളിക്കാമെന്നു പറഞ്ഞു അവതാരകൻ റിച്ചാർഡ് പരിപാടി അവസാനിപ്പിച്ചു. പിന്നീട് അധികൃതർ ശ്രീനുമായി ബന്ധപ്പെട്ട് കോടികളുടെ ഭാഗ്യം ശ്രീനുവിന്റെയും സുഹൃത്തുക്കളുടെയും കയ്യിലേക്ക്. കിളി പോയ അവസ്ഥയിലാണ്. ദൈവത്തിനു നന്ദി.

സണ്ണി സ്റ്റാന്‍ലി, ഷിനോജ്, അഭിജിത് (കണ്ണൂര്‍), സബിന്‍ (കോട്ടയം), ശ്രീനു, അനന്ദു (ആലപ്പുഴ), ഗിരീഷ്, സുജിത് (കാസർകോട്), നിധിന്‍, സുമിന്‍, ശ്രീഹരി (തൃശൂര്‍), ഷിജു രമേഷ്, മാത്യു ജോസഫ്, (പത്തനംതിട്ട), ശ്രീജിത് (കോന്നി), എബിന്‍ (ഹരിപ്പാട്), പ്രിന്‍സ്, വിഷ്ണു, (തിരുവനന്തപുരം), അഖില്‍ (എറണാകുളം), ജിനേഷ് (കോഴിക്കോട്), രമണ (ആന്ധ്രപ്രദേശ്), ഖലീല്‍ (തമിഴ്നാട്) തുടങ്ങിയവർ 22.72 ദിര്‍ഹം വീതം എടുത്താണ് ടിക്കറ്റെടുത്തത്. 1.5 കോടി ദിര്‍ഹം തുല്യമായി വീതിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും 681818.18 ദിര്‍ഹം (1.31 കോടി രൂപ) ലഭിക്കും. 15 മാസമായി തുടർച്ചയായി സഹപ്രവർത്തകർ ടിക്കറ്റെടുക്കുന്നുണ്ട്. 

‘പകുതിയായി നില്‍ക്കുന്ന വീടു പണി പൂർത്തിയാക്കണം, 8 ലക്ഷത്തിന്‍റെ ബാങ്കു വായ്പയും തീർക്കണം. 22 പേരും കിളി പോയ അവസ്ഥയിലാണ്. എന്തു പറയണമെന്നറിയില്ല. എല്ലാവരുടെയും ഭാഗ്യമായി കരുതുന്നു. ദൈവത്തിനു നന്ദി-ശ്രീനു പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...