മരുഭൂമിയിലെ പച്ചപ്പ്; മനസിന് കുളിർമയേകി വാദി ദർബാത്ത്

vadidarbath
SHARE

മരുഭൂമിയിലെ പച്ചപ്പുകൾ പ്രവാസിമലയാളികൾക്കു നാടിനെ ഓർമപ്പെടുത്താറുണ്ട്. അത്തരമൊരു സ്ഥലത്തേക്കാണ് ഇനി യാത്ര. ഒമാനിലെ ദോഫാർ പ്രവിശ്യയിലെ വാദി ദർബാത്തെന്ന താഴ്വരയിലെ മനോഹാരിത അടുത്തു കണ്ടറിയാം.

ഒമാനിലെ ദോഫാര്‍ പ്രവിശ്യയിലെ താഖയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ, ദോഫാർ മലനിരകളിലെ  ജബല്‍ സംഹാനിൻറെ താഴ്വാരമാണ് വാദി ദര്‍ബാത്ത്. ചുറ്റും പച്ചമരങ്ങള്‍ നിറഞ്ഞ മലനിരകള്‍. ചെങ്കുത്തായിറങ്ങുന്ന മലയുടെ താഴ്വരയില്‍  ഒരു ചെറുപുഴപോലെ താഴ്‌വര, കാലികള്‍ മേയുന്ന പുല്‍മേടുകള്‍. ചെറുതും വലുതുമായ, പേരറിയുന്നതും അറിയാത്തതുമായ തണല്‍ മരങ്ങളുടെ നീണ്ടനിര. മരങ്ങള്‍ക്ക് ചേലചുറ്റി വള്ളിപ്പടര്‍പ്പുകൾ, പൂക്കാനും കായ്ക്കാനുമൊരുങ്ങുന്ന പുല്‍നാമ്പുകള്‍. പുല്‍നാമ്പുകളിലിരുന്നു ചാടിയും പറന്നും കളിക്കുന്ന കളിക്കുന്ന തുമ്പികളും പുല്‍ചാടികളും, ചില്ലകളില്‍ കൂടൊരുക്കി പാട്ടുപാടി ഇണയെ കാത്തിരിക്കുന്ന പക്ഷികളും പുതുമഴയില്‍ പൊടിയുന്ന ഈയാമ്പാറ്റകളെ കൊക്കിലൊതുക്കി പറക്കുന്ന ചെറുകിളികളെയും കാണാം ഇവിടെ.

മൂന്ന് മാസങ്ങൾക്ക് മുൻപ് വരണ്ടുണങ്ങിയിരുന്ന താഴ്വര ഇപ്പോള്‍ പച്ചപ്പണിഞ്ഞു സുന്ദരിയായിരിക്കുന്നു. മലനിരകള്‍ക്കിടയിലൂടെ  വളഞ്ഞുപുളഞ്ഞ് പോകുന്ന റോഡിലൂടെ വാഹനത്തിന്‍െറ മേല്‍ക്കൂര നീക്കി കണ്ണും മെയ്യും മനസ്സും നിറച്ച് സഞ്ചാരികള്‍ വരിവരിയായി നീങ്ങുന്നത് ആകർഷകമാണ്. 

വാദി ദർബാത്തിൽ എത്തുന്ന സഞ്ചാരികളെ ഏറ്റവും ഉല്ലാസകരമാക്കുന്നത് ചെറുബോട്ടുകളിലെ യാത്രയാണ് ഖരിഫ് സീസണിൽ പെയ്ത മഞ്ഞും മഴയും മലയുടെ താഴ്വരയെ ഒരു താടാകമാക്കി മാറ്റിയിക്കുന്നു. ഈ തടാകത്തിലെ കാഴ്ച്ചകൾ ആസ്വദിക്കാനാണ് സഞ്ചാരികൾ ഇവിടെക്ക് ഒഴുകിയെത്തുന്നത്. ക്കടിയിലെ ബോട്ട് യാത്രയെ ഓർമിപ്പിക്കും വിധമാണ് ഇവടത്തെ ബോട്ടു യാത്ര. യാത്രയന്ത്ര വൽകൃത ബോട്ടിന് ഇരുപത് മിനിട്ടിന് 10 റിയാലും കാലുകൾ കൊണ്ട് ചവിട്ടി തുഴയുന്ന  പെഡല്‍ ബോട്ടിനു ഇരുപത് മിനിറ്റിനു 5 റിയാലുമാണ് നിരക്ക്.

സുരക്ഷയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ സദാ ജാഗ്രതയോടെ റോയല്‍ ഒമാന്‍ പൊലീസ് ഇവിടെയുണ്ടാകും. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പാര്‍ക്കിങ് സൗകര്യം. ചായയും കാപ്പിയും കഹ്വയും ഉള്‍പ്പെടെ ലഘുവിഭവങ്ങളും ഒരുക്കി ഫുഡ് സ്റ്റഫ് സ്റ്റോറുകള്‍, പ്രാഥമിക കൃത്യങ്ങള്‍ക്ക് സൗകര്യമൊരുക്കി മൊബൈല്‍ ടോയ്ലറ്റുകള്‍, ഗതാഗത തടസ്സമില്ലാതെ എത്തിച്ചേരാവുന്ന സുസജ്ജമായ റോഡുകൾ അങ്ങനെ എല്ലാ സൌകര്യങ്ങളോടും കൂടിയാണ് വാദി ദർബാത്ത് സഞ്ചാരികളെ ക്ഷണിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടം കാണാനെത്തുന്നത്. ഒമാനിലെ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരും ദുബായിൽ നിന്നടക്കമുള്ള പ്രവാസിമലയാളികളും വാദി ദർബാത്തിന്റെ മനോഹാരിത അറിയാനെത്തുന്നുണ്ട്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...