ദുബായിൽ ജോലി നൽകാമെന്ന് സോഹൻ റോയിയും; സ്നേഹത്തോടെ നിരസിച്ചതിന് കാരണം

റിങ്കുവിന്റെ ക്ഷമയ്ക്ക് സ്നേഹം കൊണ്ട് മറുപടി പറയുകയാണ് പ്രവാസികളടക്കമുള്ള മലയാളികൾ. ഒടുവിലായി ഏരീസ് ഗ്രൂപ്പ് ഒാഫ് കമ്പനീസ് സിഇഒയും ചലച്ചിത്ര സംവിധായകനുമായ സോഹൻ റോയിയും റിങ്കുവിന് ജോലി വാഗ്ദാനം ചെയ്തു. റിങ്കുവിന് ആവശ്യമുള്ള പരിശീലനം നൽകിയ ശേഷം ജോലിയും ഒരു എൻജിനീയർക്ക് നൽകുന്ന ശമ്പളവും നൽകാൻ തയാറാണെന്ന് അദ്ദേഹം  വ്യക്തമാക്കി. മുൻപ് ഗൾഫിൽ നിന്നു തന്നെ പല ഒാഫറുകളും റിങ്കുവിനെ തേടിയെത്തിയിരുന്നു. എന്നാൽ ഇൗ സ്നേഹത്തിന് നന്ദി പറയുന്ന റിങ്കു തന്റെ അവസ്ഥ കൂടി പറയുന്നു.

ഇപ്പോൾ അത്യാവശ്യം നാട്ടിൽ തന്നെയുള്ള ജോലിയാണെന്ന് റിങ്കു പറയുന്നു. അമ്മയുടെ രോഗാവസ്ഥ കാരണം തത്കാലം വിദേശ ജോലി സ്വീകരിക്കാൻ കഴിയില്ല. ഈ മാസം അവസാനത്തോടെ അമ്മയുടെ ഓപ്പറേഷൻ നടത്തണം. ഓപ്പൺ ഹാർട്ട് സർജറിയാണ് ചെയ്യുന്നത്. അതിനു ശേഷം അമ്മയെ പരിചരിക്കാനും അവരുടെ കാര്യങ്ങൾ നോക്കാനും താൻ നാട്ടിൽ തന്നെ വേണമെന്നും റിങ്കു പറഞ്ഞു. സോഹൻ റോയി ഉൾപ്പെടെയുള്ള മനുഷ്യ സ്നേഹികളുടെ കേരളത്തിലെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി സാധ്യതയാണ് ഇനി റിങ്കുവിന്റെ പ്രതീക്ഷ.

മാവേലിക്കരയ്ക്കു സമീപം തഴക്കര പഞ്ചായത്ത് അറുനൂറ്റിമംഗലം കുമ്പംപുഴ വീട്ടിൽ റോസമ്മയുടെ ഏക മകനായ റിങ്കുവിന്റെ പരിതാപകരമായ ജീവിതാവസ്ഥയും കഠിനാധ്വാനവും തിരിച്ചറിഞ്ഞാണ് സോഹൻ റോയ് വാഗ്ദാനവുമായി എത്തിയത്. ആലുവയിൽ ഒരു സ്വകാര്യ കണ്ണാശുപത്രിയിൽ റിങ്കു സുരക്ഷാ ജീവനക്കാരനായിരിക്കെ കൊച്ചി സർവകലാശാല വനിതാ ഹോസ്റ്റലിൽ താൽക്കാലിക മേട്രനായ കൊയിലാണ്ടി കാവിൽദേശം സ്വദേശി ആര്യ എന്ന യുവതിയുടെ ഇരുചക്രവാഹനം ജോലിയുടെ ഭാഗമായി മാറ്റിവച്ചതിനാണ് മർദനമേറ്റത്. എന്നാൽ, ഭവിഷ്യത്തുകൾ ഭയന്ന് റിങ്കു യുവതിക്കെതിരെ യാതൊരു വിധത്തിലും പ്രതികരിച്ചിരുന്നില്ല. ഇതോടെ മലയാളി സമൂഹം ഒന്നടങ്കം റിങ്കുവിന് പിന്തുണയുമായി എത്തുകയായിരുന്നു. 

എന്‍ജിനീയറിങ് പഠനം ഫീസടക്കാൻ ശേഷിയില്ലാത്തതിന്റെ പേരിൽ മുടങ്ങിപ്പോവുകയും അമ്മയുടെ രോഗാവസ്ഥയും ആശുപത്രി ചെലവും താങ്ങാനാകാതെ വിഷമിച്ചിരിക്കുന്നതിനിടെയുണ്ടായ യുവതിയുടെ അടിയുടെ ആഘാതവും കൂടിയായപ്പോൾ ആ ചെറുപ്പക്കാരന്റെ ജീവിതം കൈവിട്ട് പോകുമെന്ന അവസ്ഥയിലാണെന്ന് തോന്നിയതിനാലാണ് തന്റെ കമ്പനിയിൽ ജോലി നൽകാൻ തീരുമാനിച്ചതെന്ന് സോഹൻ റോയ് വ്യക്തമാക്കി. മാരിടൈം, മാധ്യമം, മെഡിക്കൽ, ടൂറിസം, സിനിമ തുടങ്ങിയ മേഖലകളിൽ 14 രാജ്യങ്ങളിലായി 50 കമ്പനികളുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ജീവനക്കാരുടെ കുടുംബങ്ങൾ ഉൾപ്പടെയുള്ളവർക്ക് പെൻഷൻ, മെഡിക്കൽ തുടങ്ങിയ സ്കീമുകളും പ്രാബല്യത്തിൽ കൊണ്ട് വന്ന മധ്യപൂർവേഷ്യയിലെ ഏക കമ്പനി കൂടിയാണ്. ജീവനക്കാരെ സംരക്ഷിക്കുന്നതിൽ സോഹൻ റോയിയുടെ കമ്പനി സ്വീകരിക്കുന്ന നടപടികൾ മാതൃകാപരവും പലപ്പോഴും അത് മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുമുണ്ട്.