യുഎഇ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ്; വ്യാപാര ബന്ധം ശക്തമാക്കും

വ്യാപാരനിക്ഷേപ മേഖലകളിലടക്കം സഹകരണം ശക്തമാക്കി യുഎഇയും റഷ്യയും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിൻ, അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. സൌദി സന്ദർശനത്തിനു പിന്നാലെയാണ് പുടിൻറെ യുഎഇ സന്ദർശനം.

പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം യുഎഇയിലെത്തിയ റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിനു അബുദാബി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ നേരിട്ടെത്തിയാണ് പുടിനെ സ്വീകരിച്ചത്. അബുദാബി പ്രസിഡൻഷ്യൽ പാലസിൽ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. റഷ്യയുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെട്ട മേഖലകളിലേക്കുയരുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

ഊർജം, സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം, സുസ്ഥിര വികസനം, പരിസ്ഥതി തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്ന പന്ത്രണ്ടോളം കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ അൽ മൻസൂരി ഇരുനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ പേടകത്തിലായിരുന്നു യുഎഇ ബഹിരാകാശയാത്രികൻറെ സഞ്ചാരം. ഗൾഫ് മേഖലയിലെ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിലും ഇറാനും അമേരിക്കയുമായുളള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലുമാണ് പുടിൻറെ സൌദി, യുഎഇ സന്ദർശനങ്ങൾ എന്നതു ശ്രദ്ധേയമാണ്.