ബാത്ടബിന്റെ യന്ത്രത്തിൽ മുടി ഉടക്കി; 10 വയസുകാരിക്ക് ദുബായിൽ ദാരുണാന്ത്യം

ബാത് ടബിന്റെ യന്ത്രത്തിൽ തലമുടി കുരുങ്ങി പത്ത് വയസുകാരി മുങ്ങി മരിച്ചു. യൂറോപ്പുകാരിയായ പെൺകുട്ടിയാണ് തിരുമ്മലിന്റെ സുഖം പ്രദാനം ചെയ്യുന്ന ചൂടുജലപ്രവാഹമുള്ള തൊട്ടിയായ ജാകുസ്സിയിൽ മുങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബർ ദുബായിലെ താമസ സ്ഥലത്തായിരുന്നു സംഭവം. 

ഒരു മീറ്റർ ആഴത്തിലുള്ള ടബിൽ കുളിക്കാനിറങ്ങിയ പെൺകുട്ടിയുടെ തല ജാക്കുസ്സിയുടെ അരിപ്പയിൽ കുരുങ്ങുകയും വെള്ളത്തിൽ മുങ്ങിത്താഴുകയുമായിരുന്നു. പിതാവിനോട് അനുവാദം ചോദിച്ച ശേഷമായിരുന്നു കുട്ടി കുളിക്കാനിറങ്ങിയത്. കുറേ നേരമായിട്ടും മകളെ കാണാത്തതിനെ തുടർന്ന് പിതാവ് ചെന്നു നോക്കിയപ്പോൾ പെൺകുട്ടി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഫൊറൻസിക് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ ജാക്കുസ്സി ഇളക്കിയെടുത്ത് സാങ്കേതിക പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലാബിലേയ്ക്ക് കൊണ്ടുപോയി. പ്രാഥമിക പരിശോധനയിൽ ചില പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതിയുടെ അമിത പ്രവാഹം മൂലം വെള്ളം കൂടുതൽ ഒഴുക്കിൽ പ്രവഹിച്ചതാണ് പെൺകുട്ടിയുടെ മുടി കുടുങ്ങാൻ കാരണം എന്നാണ് കരുതുന്നത്. ഇത്തരം ബാത് ടബുകളിൽ കുളിക്കുമ്പോൾ കുട്ടികളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് പൊലീസ് നിർദേശിച്ചു.