ബഹിരാകാശത്ത് നിന്നെത്തി ഹസ്സ ഉമ്മയുടെ കാലിൽ ചുംബിച്ചു; ഉള്ളില്‍ തൊടും വിഡിയോ

യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ അൽ മൻസൂരി മാതൃരാജ്യത്തേക്കു മടങ്ങിയെത്തി. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. തിരികെയെത്തിയ ഹസ അൽ മൻസൂരി മാതാവുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

കേന്ദ്രത്തിൽ നിന്നും കസഖ്സ്ഥാനിൽ തിരികെയെത്തിയ ഹസ അൽ മൻസൂരി ഇന്നലെയാണ് മാതൃരാജ്യത്തേക്കു മടങ്ങിയെത്തിയത്. അബുദാബി അൽ ബതീൻ എക്സിക്യൂട്ടീവ് വിമാനത്താവളത്തിലെത്തിയ മൻസൂരിക്ക് ഊഷ്മള സ്വീകരണം നൽകി. ബഹിരാകാശ യാത്രയിൽ ഒപ്പം കരുതിയ യു.എ.ഇ ദേശീയപതാക ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനു സമ്മാനിച്ചു.

തുടർന്നു മാതാവിനെ നേരിട്ട് കണ്ടപ്പോൾ കാൽക്കൽ വീഴുകയും ആശ്ളേഷിക്കുകയും ചെയ്തു. ഷെയ്ഖ് മുഹമ്മദിൻറെ സാന്നിധ്യത്തിലായിരുന്നു ഈ കാഴ്ച. ഹസ്സ അൽ മൻസൂരി ഭൂമിയിൽ ഇറങ്ങിയാൽ ആദ്യം ഫോൺ വിളിക്കുക മാതാവിനെയായിരിക്കുമെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിൽ വലിയ സ്വീകരണപരിപാടികളാണ് ഹസ അൽ മൻസൂരിക്കായി യുഎഇയിൽ ഒരുക്കിയിരിക്കുന്നത്. സെപ്തംബർ 25ന് സോയസ് എം.എസ് 15 എന്ന ബഹിരാകാശ വാഹനത്തിലാണ് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്കു പറന്നത്.