'ആ നാല് യുവതികളിൽ ഒരാൾ അമ്മ'; ദുബായിൽ ഉപേക്ഷിക്കപ്പെട്ട കുട്ടിയെക്കുറിച്ച് വെളിപ്പെടുത്തല്‍

boy-08-10
SHARE

ദുബായിലെ മാളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അഞ്ചുവയസ്സുകാരൻ സാഡ്രിക്കിന്റെ തങ്ങളോടൊത്തുള്ള പഴയ ചിത്രങ്ങൾ പങ്കുവെച്ച് വളർത്തച്ഛൻ. പൊലീസ് അറസ്റ്റ് ചെയ്ത നാല് യുവതികളിലൊരാൾ അവന് ജന്മം നല്‍കിയ മാതാവായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടിയെ എടുത്ത തലമറച്ച ഇന്തൊനീഷ്യൻ യുവതിയായിരിക്കാം സാഡ്രിക്കിന്റെ മാതാവെന്നാണ് വളർത്തച്ഛൻ പറയുന്നത്. പാക്കിസ്ഥാൻ സ്വദേശി ഗുലാം അബ്ബാസ് (48) ആണ് വളർത്തച്ഛൻ. നിലവിൽ പാക്കിസ്ഥാനിലുള്ള ഇദ്ദേഹം 2015ൽ അജ്മാനിൽ ഭാര്യയോടൊപ്പം താമസിച്ചപ്പോഴുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു ചിത്രത്തിൽ ഗുലാം അബ്ബാസിന്റെ ഭാര്യ മേരിമി ക്വിൻഡാറ (മായ–51) കുട്ടിയെ എടുത്ത ചിത്രവും കാണാം.  

സെപ്റ്റംബർ ആറിനാണ് സാഡ്രിക്കിനെ ദുബായിലെ ഒരു മാളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പറഞ്ഞാണ് മേരിമി മുറഖബാദ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. സൂപ്പർമാനാണ് തന്റെ പിതാവെന്നായിരുന്നു കുട്ടി പറഞ്ഞിരുന്നത്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു.

ഉടൻ തന്നെ ഒരാൾ കുട്ടിയെ തിരിച്ചറിയുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. കുട്ടിയെ സെപ്റ്റംബർ 9ന് പൊലീസ് ദുബായ് ഫൗണ്ടേഷൻ ഫോർ വുമൻ ആൻഡ് ചിൽഡ്രന് കൈമാറിയിരുന്നു. ഗുലാം അബ്ബാസിന്റെ ഭാര്യ മേരിമിയടക്കം 39 മുതൽ 57 വയസ്സുവരെ പ്രായമുള്ള നാലു യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ മാതാവ് സ്വന്തം നാട്ടിലേക്ക് പോയതിൽപ്പിന്നെ സാഡ്രിക്കിനെ കഴിഞ്ഞ അഞ്ച് വർഷമായി താൻ സംരംക്ഷിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ തടവിലുള്ള മേരിമി പറയുന്നത്. ഭാര്യയുടെ മോചനമാണ് ഇപ്പോൾ തന്റെ ലക്ഷ്യമെന്ന് ഗുലാം അബ്ബാസും പറയുന്നു. എന്നാൽ കുട്ടിയെ ദത്തെടുക്കാൻ താൻ തയാറാണെന്നും തുടർന്ന് സ്വന്തം മകനെപ്പോലെ വളർത്താമെന്നും അജ്മാനിൽ ഒൻപത് വർഷം ഫൊട്ടോഗ്രഫറായിരുന്ന ഇയാൾ വ്യക്തമാക്കി. എന്നാൽ നിലവിൽ യുഎഇ സ്വദേശികൾക്ക് മാത്രമേ കുട്ടികളെ ദത്തെടുക്കാൻ സാധിക്കുകയുള്ളൂ. 

MORE IN GULF
SHOW MORE
Loading...
Loading...