യുഎഇയിലെ 'താര' ഡ്രൈവർക്ക് ജോലിവാഗ്ദാനം ഒരുപാട്; ഉള്ളിലെ ഇഷ്ടം തുറന്ന് പറഞ്ഞ് സുജ; കയ്യടി

suja-thanckachen
SHARE

ദുബായിൽ ഹെവി ബസ് ഡ്രൈവിങ് ലൈസൻസ് ലഭിച്ച മലയാളി യുവതി കൊല്ലം കുരീപ്പുഴ തൃക്കടവൂർ സ്വദേശിനി സുജാ തങ്കച്ചന് ദുബായ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)യുടെയും മറ്റു വിവിധ കമ്പനികളുടെയും ക്ഷണം. ആർടിഎയിലും കമ്പനികളിലും ബസ് ഡ്രൈവറായി ജോലി നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ, ആദ്യ പരിഗണന എസ്ടിഎസി (സ്കൂൾ ബസ് സർവീസസ്)നാണെന്നും അതു കഴിഞ്ഞ് മാത്രമേ മറ്റു ജോലികൾ ആലോചിക്കുന്നുള്ളൂവെന്നും സുജ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

ദുബായ് ഖിസൈസിലെ ദ് മില്ലെനിയം സ്കൂളിൽ ബസ് കണ്ടക്ടറായിരിക്കെയാണ് സുജയ്ക്ക് ഹെവി ബസ് ഒാടിക്കാനുള്ള ലൈസൻസ് കഴിഞ്ഞദിവസം ലഭിച്ചത്. ഹെവി ബസ് ലൈസൻസ് സാമൂഹിക പ്രവർത്തക ലൈലാ ബഷീറിന് നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിലും സ്കൂൾ ബസ് ഒാടിക്കുന്ന ആദ്യ യുവതിയായിത്തീർന്നിരിക്കുകയാണ് ഇൗ 32 കാരി. ദൃഢനിശ്ചയം കൊണ്ടുമാത്രമാണ് ജോലിത്തിരക്കിനിടയിലും ഹെവി ബസ് ലൈസൻസ് കരസ്ഥമാക്കാൻ ഇൗ യുവതിക്ക് സാധിച്ചത്. 

സുജയുടെ ഇൗ നേട്ടം കഴിഞ്ഞ ദിവസം ആദ്യമായി മനോരമ ഒാൺലൈനും മനോരമ ദിനപത്രവും റിപോർട്ട് ചെയ്തിരുന്നു. അതിനു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തനിക്ക് അഭിനന്ദന ഫോൺ കോളുകൾ ലഭിച്ചതായും സുജ പറഞ്ഞു.

നാട്ടിൽ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്ന അമ്മാവൻ വാഹനം ഒാടിക്കുന്നത് കണ്ടതു മുതലാണ് കൊച്ചുമനസിൽ അത്തരത്തിലുള്ളൊരു ഡ്രൈവറാവുക എന്ന മോഹം ജനിച്ചത്. മൂന്നു വർഷം മുൻപ് ജോലി തേടി യുഎഇയിലെത്തിയപ്പോൾ ലഭിച്ചത് സ്കൂൾ ബസിലെ കണ്ടക്ടർ ജോലിയായിരുന്നു. അന്നുമുതൽ ചിന്തിച്ചു തുടങ്ങിയതാണ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈൻസ് നേടുക എന്നത്. ഇതിന് ബന്ധുക്കളിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും പൂർണ പിന്തുണയും ലഭിച്ചു.

ആറു പ്രാവശ്യം ഡ്രൈവിങ് പരീക്ഷണത്തിൽ പരാജയമായെങ്കിലും ഏഴാം തവണ വിജയം നേടി. സുജയുടെ നേട്ടം കൊല്ലം ജില്ലക്കാരും ആഘോഷിച്ചു. ഇൗ വിഷയത്തിൽ ട്രോളുകൾ പോലുമിറങ്ങിയയിട്ടുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...