മസാജിനെന്ന വ്യാജേന അപാർട്ട്മെന്റിലെത്തിച്ച് പണം തട്ടി; ദുബായില്‍ 3 സ്ത്രീകള്‍ പ്രതികള്‍

massage-cards
SHARE

മസാജിനെന്ന വ്യാജേന വിദേശിയെ അപാർട്ട്മെന്റിൽ എത്തിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ് ദുബായ് പ്രാഥമിക കോടതിയിൽ. മൂന്നു നൈജീരിയൻ സ്ത്രീകളും ഇവരുടെ നാട്ടുകാരനായ വ്യക്തിയുമാണ് പ്രതികൾ. 37 വയസ്സുള്ള തുണീഷ്യൻ പൗരനാണ് തട്ടിപ്പിന് ഇരയായത്. പണം നഷ്ടമായതു കൂടാതെ ഇയാളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഈ വർഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റാസൽഖൈമയിലെ തന്റെ കാറിനു മുകളിൽ കണ്ട മസാജ് കാർഡ് നമ്പറിൽ നിന്നാണ് ഇയാൾ സംഘത്തെ വിളിച്ചത്. തുടർന്ന് ദുബായിലെ ജബീൽ അലിയിലെ അപാർട്ട്മെന്റിലേക്ക് വരാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. വാതിൽ തുറന്ന് അപാർട്ട്മെന്റിലേക്ക് കയറിയ തുണീഷ്യൻ പൗരനെ സ്ത്രീകളുടെ സംഘം വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ‘വലിയൊരു കത്തിയുമായി എത്തിയ ഒരു സ്ത്രീ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ ഭയന്നു പോയിരുന്നു’ ഇരയായ വ്യക്തി കോടതിയിൽ വ്യക്തമാക്കി. 

‘നാലു പേർ വന്ന് പഴ്സും അതിലെ പണവും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള എടുക്കുകയും ചെയ്തു. തുടർന്ന് വസ്ത്രങ്ങൾ മുഴുവൻ മാറ്റുകയും ഇതിന്റെ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വിഡിയോ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് അവർ ഭീഷണിപ്പെടുത്തി. എന്റെ ജോലി പോകുമെന്ന് ഞാൻ അവരോട് അപേക്ഷിച്ചു. കാർഡുകളുടെ പിൻ നമ്പർ നൽകി. രണ്ടു പേർ പണം പിൻവലിക്കുന്നതിനായി പോയി. രണ്ടു പേർ അപാർട്ട്മെന്റിൽ തുടർന്നു’– ഇരയായ വ്യക്തി പറഞ്ഞു.

രണ്ടു സ്ത്രീകൾ വലിയൊരു തുക പിൻവലിച്ചുവെന്നാണ് ഇരയായ വ്യക്തി പറഞ്ഞത്. സംഘം മൊബൈൽ ഫോണുകളും മദ്യവും വാങ്ങിയെന്നാണ് ഇയാളുടെ മൊഴി. 100,000 ദിർഹമാണ് ഇവർ മോഷ്ടിച്ചതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. 12 മണിക്കൂറിനു ശേഷം സംഘം ഇയാളെ പുറത്തുപോവാൻ അനുവദിച്ചു. സംഭവിച്ച കാര്യങ്ങൾ പൊലീസിനോട് പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാളെ വിട്ടയച്ചത്. എന്നാൽ, തുണീഷ്യൻ പൗരൻ നേരെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് 25 വയസ്സുള്ള നൈജീരിയൻ യുവാവ്, രണ്ട് സ്ത്രീകൾ എന്നിവരെ പിടികൂടി. ഒരു യുവതിയെ പിടികൂടാൻ ഇപ്പോഴും സാധിച്ചിട്ടില്ല. വ്യാജ കെനിയൻ പാസ്പോർട്ട് ഉപയോഗിച്ചാണ് സംഘം അപാർട്മെന്റ് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പ്, ആൾമാറാട്ടം, ജീവന് ഭീഷണി, മോഷണം, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നു പ്രതികളും കുറ്റം സമ്മതിച്ചു. കേസ് ഒക്ടോബർ എട്ടിന് വീണ്ടും പരിഗണിക്കും

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...