അജ്ഞാതനായ ഒരാൾ സ്വർണം സമ്മാനമായി നൽകിയാലോ?- ആനന്ദക്കണ്ണീർ, വിഡിയോ

dubai-big-ticket
SHARE

തീർത്തും അപരിചിതനായ ഒരു വ്യക്തി നടന്നു വന്ന് ഒരു സമ്മാനം നൽകിയാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ആ സമ്മാനം അൽപം വിലപിടിപ്പുള്ളതാണെങ്കിലോ? എന്നാൽ അങ്ങനെ ഒരു സംഭവം കഴിഞ്ഞ ദിവസം അബുദാബിയിൽ അരങ്ങേറി. ഭാഗ്യവാനായ മുഹമ്മദ് അബ്ദുൽ തഹീർ എന്ന ചെറുപ്പക്കാരന് അബുദാബി ബിഗ് ടിക്കറ്റിന്റെ അവതാരകൻ റിച്ചാർഡാണ് സ്വർണം സമ്മാനമായി നൽകിയത്. സന്തോഷം കൊണ്ട് തഹീറിന്റെ കണ്ണുകൾ നിറയുകയും ചെയ്തു. അബുദാബി ബിഗ് ടിക്കറ്റ് അധികൃതർ സംഭവത്തിന്റെ വിഡിയോ പുറത്തു വിട്ടു.

‘ആരുടെയെങ്കിലും ഒരു ദിവസത്തെ ജീവിതം നിങ്ങളെ കൊണ്ട് സന്തോഷിപ്പിക്കാൻ സാധിച്ചിട്ടുണ്ടോ’ എന്ന ചോദ്യത്തോടെയാണ് ബിഗ് ടിക്കറ്റ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ തീരുമാനത്തിലൂടെ ആ വ്യക്തിയുടെ നാട്ടിലുള്ള കുടുംബത്തിനും വലിയ സഹായമാണ് ലഭിക്കുന്നതെന്നും അവതാരകൻ പറയുന്നു. റോഡിലൂടെ നടന്ന റിച്ചാർഡ് തഹീറിനെ കാണുകയും ‘ഈ മാസം നിങ്ങളെ ‍ഞാൻ സഹായിക്കട്ടേ’ എന്നു ചോദിക്കുകയും ചെയ്താണ് സംഭാഷണം ആരംഭിക്കുന്നത്.

റോഡിലൂടെ ഇരുവരും നടക്കുകയും റിച്ചാർഡ് കയ്യിൽ കരുതിയിരുന്ന സ്വർണ നാണയം മുഹമ്മദിന് സമ്മാനിക്കുകയും ചെയ്തു. ‘മുഹമ്മദ് നിങ്ങൾ സ്വപ്നം കാണുകയോ ആഗ്രഹിക്കുകയോ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കിൽ അതെന്തായിരിക്കും’– റിച്ചാർ‍ഡ് ചോദിച്ചു. പക്ഷേ, മുഹമ്മദ് പ്രതികരിച്ചില്ല. അദ്ദേഹം ചോദ്യം ആവർത്തിച്ചു. ‘ഞാൻ ഇത് വിൽക്കുകയും പണം നാട്ടിലെ കുടുംബത്തിന് അയച്ചു കൊടുക്കുകയും ചെയ്യും’–മുഹമ്മദിന്റെ മറുപടി വന്നു.

‘നിങ്ങളുടെ കുടുംബം ഈ മാസം വളരെ സന്തോഷിക്കും. അബുദാബിയിൽ ഈ സമ്മാനം ലഭിക്കുന്ന ഏക വ്യക്തിയാണ് താങ്കൾ’– റിച്ചാർഡ് തുടർന്നു. 

‘ഞാൻ വളരെ സന്തുഷ്ടനാണ്, ഭാഗ്യവാനും’– പുഞ്ചിരിച്ചുകൊണ്ട് മുഹമ്മദ് മറുപടി നൽകി. ‘ഈ സ്വർണം നിങ്ങൾക്കാണ്. ഇത് നിങ്ങളുടെ കുടുംബത്തെ സഹായിക്കും. വളരെ സുരക്ഷിതമായി സൂക്ഷിക്കണം. നിങ്ങളുടെ രണ്ടോ മൂന്നോ മാസത്തെ ശമ്പളമാണ് ഈ സ്വർണ നാണയം. സുരക്ഷിതമായി സൂക്ഷിക്കണം’ –റിച്ചാർഡ് ആവർത്തിച്ചു. ‘ഇന്ന് അബുദാബിയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ് ഇത്. താങ്കളെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്’– മുഹമ്മദിനോട് റിച്ചാർഡ് ആവർത്തിച്ചു. സംഭാഷണം അവസാനിപ്പിച്ച് റിച്ചാർഡ് വാഹനത്തിലേക്ക് മടങ്ങുമ്പോൾ മുഹമ്മദിന്റെ കണ്ണുകൾ ഈറനണിഞ്ഞു. ചിരിച്ചുകൊണ്ട് കൈവീശി അയാൾ അവരെ യാത്രയാക്കി.

MORE IN GULF
SHOW MORE
Loading...
Loading...