ആക്രമിച്ചത് ഇറാൻ തന്നെ; തെളിവുകൾ നിരത്തി സൗദി

saudi-drone-attack
SHARE

തങ്ങളുടെ എണ്ണപ്പാടത്തിനും സംസ്‌കരണശാലയ്ക്കും നേരെ ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്നതിനു കൃത്യമായ തെളിവ് കൈവശമുണ്ടെന്ന് സൗദി അറേബ്യ. ഡ്രോണ്‍ ആക്രമണം നടന്നത് ഇറാന്റെ മണ്ണില്‍നിന്നാണെന്നു യുഎസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് തെളിവുകള്‍ കാണിക്കാന്‍ തയാറാണെന്നു സൗദി അറിയിച്ചിരിക്കുന്നത്.

ഇതോടെ മധ്യപൂര്‍വ ദേശത്തു നിലനില്‍ക്കുന്ന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകും. ഇന്ന് പ്രാദേശിക സമയം രണ്ടരയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് തെളിവുകളും ആക്രമണത്തിന് ഉപയോഗിച്ച് ഇറാന്‍ നിര്‍മിത ആയുധങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഭീകരാക്രമണത്തില്‍ ഇറാന്‍ ഭരണകൂടത്തിനുള്ള പങ്ക് ഇതോടെ വ്യക്തമാകുമെന്നും സൗദി അറിയിച്ചു. യെമനില്‍ നിന്നല്ല ആക്രമണമെന്ന് സൗദി ആദ്യം തന്നെ പറഞ്ഞിരുന്നു. ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഉയര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പു വിചാരിച്ചിരുന്നതിനേക്കാള്‍ ആസൂത്രിതവും സങ്കീര്‍ണവുമായിരുന്നു ആക്രമണമെന്നും അവര്‍ പറഞ്ഞു. 

തെക്കുപടിഞ്ഞാറന്‍ ഇറാനില്‍നിന്നാണ് ആക്രമണമെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിനു മറുപടി നല്‍കാന്‍ തങ്ങള്‍ക്കു ശേഷിയുണ്ടെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രതികരിക്കുകയും ചെയ്തു. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും മറ്റ് ഉദ്യോഗസ്ഥരും സൗദിയിലേക്കു തിരിച്ചിട്ടുണ്ട്. ആക്രമണം സംബന്ധിച്ച് തെളിവുകള്‍ പുറത്തുവിടണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിഭാഗം ഏറ്റെടുത്തിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...