സൗദിയിലെ ആക്രമണത്തിന് പിന്നിൽ ഭീരുക്കൾ; സൽമാൻ രാജാവ്

saudi17
SHARE

സൗദിയിലെ എണ്ണക്കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഭീരുക്കളാണെന്നു ഭരണാധികാരി സൽമാൻ രാജാവ്. എണ്ണ മേഖലയ്ക്കു നേരെയുള്ള ആക്രമണങ്ങളെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം സൽമാൻ രാജാവ് പറഞ്ഞു. അതേസമയം, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൌദിയിലേക്കു തിരിച്ചു. 

സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ശനിയാഴ്ച നടന്ന ആക്രമണത്തിനു ശേഷമുള്ള സാഹചര്യം വിലയിരുത്തി. ഇത്തരം ആക്രമണങ്ങൾ ആഗോളസമ്പദ് വ്യവസ്ഥയ്ക്കു ഭീഷണിയാണെന്നു സൽമാൻ രാജാവ് പറഞ്ഞു. എണ്ണമേഖലയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ രാജ്യങ്ങൾ ഒരുമിച്ചു നീങ്ങണമെന്നു സൌദി ഭരണാധികാരി ആഹ്വാനം ചെയ്തു.

അതേസമയം, ആക്രമണത്തെ തുടർന്നു നിർത്തിവച്ച ഉൽപ്പാദനം രണ്ടാഴ്ചയ്ക്കകം പൂർവസ്ഥിതിയിലാകുമെന്നാണ് സൂചന. കരുതിയിരുന്നതിലും വേഗത്തിലാണ് പുനരുദ്ധാരണം നടക്കുന്നതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യെമനിൽ നിന്നല്ല ഇറാനിൽ നിന്നാണ് ആക്രമണമുണ്ടായതെന്നും ക്രൂസ് മിസൈലുകൾ ഉപയോഗിച്ചതായും അമേരിക്ക ആവർത്തിച്ചു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ റിയാദിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ സാഹചര്യങ്ങളും മുൻകരുതലുകളും ചർച്ചാവിഷയമാകും. അതിനിടെ, മേഖലയിലെ സംഘർഷ സാധ്യത കണക്കിലെടുത്തു അതീവജാഗ്രത പാലിക്കാൻ സൈന്യത്തിനു കുവൈത്ത് സർക്കാർ നിർദേശം നൽകി. 

MORE IN GULF
SHOW MORE
Loading...
Loading...