മലയാളി സൗദി ജയിലിൽ; 60 ലക്ഷം കെട്ടി തൊഴിലുടമ പുറത്തിറക്കി; പിന്നാലെ മരണം

jithesh-alp-life
SHARE

ആറുവർഷം വിദേശത്ത് കുടുങ്ങിയ ജിതേഷിന് ആനന്ദത്തിന്റെയും നൊമ്പരത്തിന്റെയും ദിനങ്ങളാണിത്. ജയിൽ മോചിതനാകാൻ സഹായിച്ച തൊഴിലുടമയോടു നന്ദി പോലും പറയാൻ കഴിയും മുൻപ് അദ്ദേഹം മരണത്തിനു കീഴടങ്ങിയതാണ് പുള്ളിക്കണക്ക് വെളുത്തേരിയിൽ ജിതേഷിനു വേദനയായത്.

സൗദി അറേബ്യയിലെ ജയിലിലായിരുന്ന ജിതേഷിനെ ആദ്യം ജാമ്യത്തിൽ പുറത്തെത്തിച്ചതും വീണ്ടും ജയിലിൽ അടച്ചപ്പോൾ ജാമ്യത്തുകയായ 60 ലക്ഷം രൂപ കെട്ടിവച്ചതും തൊഴിലുടമയാണ്. വിവാഹം കഴിഞ്ഞ് 11 മാസം ആയപ്പോഴാണ് സൗദിയിലെ തായ്ഫിൽ ഹൗസ് ഡ്രൈവർ ജോലിക്കായി ജിതേഷ് എത്തിയത്. എന്നാൽ ജോലിയിൽ കയറി 2 മാസം കഴിഞ്ഞപ്പോഴാണ് ജിതേഷ് ഓടിച്ച വാഹനം ഇടിച്ച് സൗദി പൗരൻ മരിച്ചത്.

3,17,000 റിയാൽ പിഴയൊടുക്കാൻ കോടതി വിധിച്ചതോടെയാണ് ജയിലിലായത്. സ്പോൺസറായ അബ്ദുള്ള ബിൻ മുസാദ് അയ്യിദ് അൽ ഉസൈമിയുടെ (90) സഹായിയായിരുന്ന ജിതേഷ് ഇദ്ദേഹത്തിന്റെ സഹായത്തോടെ ജാമ്യത്തിൽ കഴിയുകയായിരുന്നു. അദ്ദേഹം രോഗബാധിതനായി ആശുപത്രിയിൽ ആയതോടെയാണ് ജിതേഷ് വീണ്ടും ജയിലിലായത്.

സൗദിയിലെ സാമൂഹിക പ്രവർത്തകരായ കായംകുളം സ്വദേശി മുജീബ് ജനത, അയ്യൂബ് കരുപന്ന എന്നിവർ നിരന്തരമായി ജിതേഷിന്റെ വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ മോചന തുക എങ്ങനെ കണ്ടെത്തുമെന്ന് ആശങ്കപ്പെട്ടിരുന്നപ്പോഴാണ് സ്പോൺസർ തന്നെ‌ തുക കൊടുക്കാമെന്ന് സമ്മതിച്ചത്. സ്പോൺസർ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ഉളള രേഖകളിൽ ഒപ്പിട്ട് നൽകി. ജയിലിൽ നിന്ന് മോചിതനായ ജിതേഷ് ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടെങ്കിലും സംസാരിക്കാനായില്ല. രാത്രിയോടെ അദ്ദേഹം മരിക്കുകയും ചെയ്തു.  സ്വന്തം പിതാവിനെ പോലെയാണ് അദ്ദേഹത്തെ ജിതേഷ് പരിചരിച്ചിരുന്നതെന്നു ജിതേഷിന്റെ സുഹൃത്തുക്കൾ പറഞ്ഞു. ഈ കരുതലാകാം ജിതേഷിന്റെ മോചനത്തിനു വഴിതെളിച്ചത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...