വിമാനത്തിൽ വച്ച് യുവാവ് അബോധാവസ്ഥയിൽ; രക്ഷകയായി വിദ്യാർഥിനി; കയ്യടി

ഫാത്വിമ അബ്ദുൽ അസീസ് അന്നഖ് ബി

ആകാശ യാത്രയിൽ ആശ്വാസമായി സ്വദേശി വിദ്യാർഥിനി. അബോധാവസ്ഥയിലായ യുവാവിന് അടിയന്തര ചികിത്സ നൽകിയാണ് ഫാത്വിമ അബ്ദുൽ അസീസ് അന്നഖ്ബി യാത്രക്കാർക്കും വിമാന ജീവനക്കാർക്കും സന്തോഷം സമ്മാനിച്ചത്. തായ് എയർലൈൻസ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നും ദുബായിലേക്ക് മടങ്ങവേയാണ് അറിവ് അനുഭവമാക്കാൻ ഫാത്വിമയ്ക്ക് അവസരം ലഭിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരു സ്വദേശി യുവാവ് അബോധാവസ്ഥയിലായി. യാത്രക്കാർ വിഷമസന്ധിയിലുമായി. 

യാത്രക്കാരന്റെ ശാരീരിക പ്രശ്നങ്ങളറിയാതെ വിമാന ജീവനക്കാരും പരിഭ്രാന്തിയിലായ സാഹചര്യം. ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായ സ്ഥിതി. ആംബുലൻസ് സേവനത്തിനു പഠിച്ചു കൊണ്ടിരിക്കുന്ന ഫാത്വിമയ്ക്ക് അപ്പോൾ യുവാവിനെ പരിചരിക്കേണ്ടി വന്നു. അബോധാവസ്ഥയുടെ അടയാളങ്ങൾ മനസ്സിലാക്കുകയും പ്രാഥമിക ദേഹപരിശോധനയും കഴിഞ്ഞപ്പോൾ രോഗി പ്രമേഹ പ്രയാസങ്ങൾ അലട്ടുന്ന ആളായിരിക്കുമെന്ന നിഗമനത്തിലെത്തി. ഇനി വേണ്ടത് രോഗിയുടെ രക്ത പരിശോധനയാണ്.

വിമാനത്തിന്റെ ഫസ്റ്റ് എയ്ഡ് ബോക്സിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാനുള്ള ഉപകരണം ഇല്ലായിരുന്നു. ഉടൻ വിമാനത്തിലെ മൈക്ക് പോയന്റിലെത്തി അനൗൺസ് ചെയ്തു. യാത്രക്കാരുടെ ആരുടെയെങ്കിലും വശം പ്രമേഹ പരിശോധന ഉപകരണം ഉണ്ടോ എന്നന്വേഷിച്ചു. ഭാഗ്യത്തിന് യാത്രക്കാരിലൊരാൾ സഹായിച്ചു .രക്തത്തിൽ പഞ്ചസാരയുടെ തോത് കുറഞ്ഞതാണ് ബോധക്ഷയത്തിനു കാരണമെങ്കിൽ അതു സമതുലമാക്കാനുള്ള ഔഷധം നൽകാനായിരുന്നു പരിശോധന. വിമാന ജീവനക്കാർ ഇൻസുലീൻ കൊണ്ടുവന്നു. ഇതു നൽകിയതോടെ യുവാവ് സാവധാനം കണ്ണു തുറന്നു. വിമാന ജീവനക്കാർക്കും സഹയാത്രികർക്കും മധ്യത്തിൽ യുവാവ് മിഴി തുറന്നതോടെ വിമാനത്തിലെ സംഭ്രമം മാറി സന്തോഷം തിരിച്ചു വന്നു. 

ഷാർജയിലെ ഹെയർ കൊളെജസ് ഓഫ് ടെക്നോളജിയിലെ അടിയന്തര വൈദ്യ വിഭാഗത്തിലെ വിദ്യാർഥിനിയാണ് ഫാത്വിമ. പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയാൽ ദുബായ് ആംബുലൻസിൽ ജോലി ഉറപ്പായി. ഇതു സംബന്ധിച്ച കരാറിൽ ഫാത്വിമ ഒപ്പ് വച്ച് കഴിഞ്ഞു. സ്വപ്നസാഫല്യം പോലെയാണ് ദുബായ് ആംബുലൻസ് ജോലിയെ ഈ സ്വദേശി വിദ്യാർഥിനി കാണുന്നത്. 

എന്തുകൊണ്ടാണ് അത്യാഹിത സേവനം തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനുള്ള ഫാതിമയുടെ മറുപടിയിൽ മനുഷ്യപ്പറ്റിന്റെ ഹൃദയനൈർമല്യവും ദൃഢനിശ്ചയത്തിന്റെ ധ്വനിയുമുണ്ട്. ‘അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായമെത്തിക്കുക എന്നത് കുട്ടിക്കാലത്തെ എന്റെ സ്വപ്നമായിരുന്നു. നമുക്ക് ചുറ്റും ധാരാളം മനുഷ്യർ കഷ്ടപ്പെടുന്നത് കാണുമ്പോൾ അവരെ സഹായിക്കാനായെങ്കിൽ എന്ന് മനസ്സ് മന്ത്രിക്കുമായിരുന്നു. ജനങ്ങൾക്ക് രക്ഷകരാകാൻ കഴിയുക എന്നത് അമൂല്യമായ മാനവികഭാവമുള്ള തൊഴിലാണ്’. കൂടുതൽ ജീവനക്കാർ ആവശ്യമുള്ള ഈ രംഗത്തേക്ക് കൂടുതൽ സ്വദേശി വനിതകൾ കടന്നു വരണമെന്നാണ് ഫാതിമയുടെ ആഗ്രഹം. തദ്ദേശീയരായ വനിതകൾക്ക് മാതൃകയാണ് വൈദ്യവിദ്യാഭ്യാസവും തൊഴിൽ പരിചയവുമുള്ള ഫാത്വിമ അന്നഖ്ബിയെന്ന് ദുബായ് ആംബുലൻസ് മേധാവി ഖലീഫ ബ്ൻ ദറായിയും പറഞ്ഞു.