പുറപ്പെട്ടത് ഓസ്ട്രേലിയയിലേയ്ക്ക്; എത്തപ്പെട്ടത് അജ്മാനിലെ കുടുസ്സുമുറിയിൽ; സഹായഹസ്തം നീട്ടി പാക്കിസ്ഥാനി

visa-victim-dubai
SHARE

പുറപ്പെട്ടത് ഒാസ്ട്രേലിയയിലേയ്ക്ക്; എത്തപ്പെട്ടതോ അജ്മാനിലെ കുടുസ്സുമുറിയിലും. ഇന്ത്യക്കാരായ അഞ്ച് യുവാക്കളാണ് ഉപജീവനം തേടി യുഎഇയിലെത്തി ജോലി തട്ടിപ്പിൽ കുടുങ്ങി മാസങ്ങളായി ദുരിതത്തിൽ കഴിയുന്നത്. തമിഴ്നാട് നാഗർകോവിൽ സ്വദേശിയും ബിബിഎ ബിരുദധാരിയുമായ ശിവകുമാർ (35), തിരുനൽവേലി സ്വദേശിയും  മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ മുഹമ്മദ് യൂസഫ് (35), ഉത്തർപ്രദേശ് അലഹബാദ് സ്വദേശി മുഹമ്മദ് നസീം അലി (23), റംസാൻ (24) കൊൽക്കത്ത സ്വദേശി രോഹിത് ചൗധരി (25) എന്നിവരാണ് അജ്മാൻ നുഎെമിയയിലെ പഴയൊരു വില്ലയിലെ നിന്നുതിരിയാനിടമില്ലാത്ത മുറിയിൽ പട്ടിണിയും പരിവട്ടവുമായി നാളുകൾ തള്ളിനീക്കുന്നത്.

ശിവകുമാറിനെയും യൂസഫിനെയും ഒാസ്ട്രേലിയയിലേയ്ക്ക് അയക്കാനാണ് ഏജന്റ്് യുഎഇയിലെത്തിച്ചത്. പക്ഷേ, എത്തപ്പെട്ടത് ഇൗ കുടുസ്സുമുറിയിലും. ആ കഥ ഇങ്ങനെ: 2017  ജൂലൈ ആറിന് തമിഴ് ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്ത ഒാസ്ട്രേലിയയിൽ മികച്ച ജോലി എന്ന പരസ്യം കണ്ടാണ് ഇരുവരും ഏജന്റ് ജോൺ ബ്രിട്ടോയെ സമീപിക്കുന്നത്. ഇവിടെ വച്ച് നൂർ മുഹമ്മദ് എന്നയാളെ പരിചയപ്പെട്ടു. പാക്കിങ് കമ്പനിയിലെ ജോലിയായിരുന്നു വാഗ്ദാനം ചെയ്തത്. നൂർ മുഹമ്മദാണ് യാത്രാ സംബന്ധമായ ബാക്കി കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. തുടർന്ന് ഇരുവരും ആദ്യപടിയായി രണ്ട് ലക്ഷം രൂപ വീതം കൈമാറി. പിന്നീട് പലപ്പോഴായി അഞ്ച് ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലിട്ടു. പലിശയ്ക്ക് വാങ്ങിയാണ് ഇൗ തുക കണ്ടെത്തിയത്. ഇതിൽ 17,000 രൂപ വീതം ചെലവഴിച്ച് ഇരുവരെയും ഡൽഹിയിലേക്ക് കൊണ്ടുപോയി മെഡിക്കൽ പരിശോധന നടത്തി. അതിന് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുവന്നു. ഒാസ്ട്രേലിയൻ യാത്രയ്ക്കെന്ന പേരിൽ വീണ്ടും കഴിഞ്ഞ ഡിസംബറിൽ ഡൽഹിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ഒന്നര മാസം അവിടെ താമസിപ്പിച്ചു തിരികെ നാട്ടിലേക്ക് കൊണ്ടുവന്നു. 

ഒാസ്ട്രേലിയൻ വീസ ഉടൻ ശരിയാകുമെന്ന് പറഞ്ഞു സമയം നീട്ടിക്കൊണ്ടിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും വീസയുടെ കാര്യം ഒന്നുമായില്ല. 2018 മാർച്ച് 19ന് തായ്‌ലാൻഡ് വഴി ഒാസ്ട്രേലിയയിലേയ്ക്ക് പോകാമെന്ന് പറഞ്ഞു അവിടേയ്ക്ക് അയച്ചു. ഇന്ത്യക്കാർക്ക് അവിടെ ഒാൺഅറൈവൽ വീസ ആണെന്നതിനാൽതായ്‌ലാൻൻഡിലെത്തിയാൽ വീസ ലഭിക്കുമെന്നായിരുന്നു ഏജന്റ് പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാൽ ഇരുവരും രണ്ട് ദിവസം വിമാനത്താവളത്തിൽ കുടുങ്ങി. അധികൃതർ ഭക്ഷണം നൽകിയെങ്കിലും ആ പണം പിന്നീട് ഇൗടാക്കി. അതോടെ കൈയിലുണ്ടായിരുന്ന കാശ് തീർന്നു. ഒടുവിൽ നാട്ടിലേയ്ക്ക് ഫോൺ വിളിച്ച് കാശ് അയപ്പിച്ചാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. നാട്ടിലെത്തിയ ഉടനെ ഏജൻ്റിനെ സമീപിച്ചെങ്കിലും, ചെറിയൊരു പിശക് മൂലമാണ് തായ്‌ലാൻഡിൽ കുടുങ്ങിയതെന്നും ഉടൻ എല്ലാം ശരിയാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഒാസ്ട്രേലിയൻ വീസയ്ക്കു അപേക്ഷ നൽകിയതൊക്കെ കാണിച്ചു. പിന്നീട്, അർമേനിയ വഴി പോകാമെന്ന് പറഞ്ഞെങ്കിലും തായ്‌ലാൻഡിൽ പോയപ്പോഴുണ്ടായ ദുരനുഭവമോർത്ത് ഇരുവരും അതിന് തയാറായില്ല. വീണ്ടും ദിനങ്ങൾ കടന്നുപോയി. ഒാസ്ട്രേലിയ വീസ വേണ്ട, പണം തിരികെ നൽകണം എന്നാവശ്യപ്പെട്ട് ഏജന്റിനെ സമ്മർദം ചെലുത്തിയപ്പോൾ കഴിഞ്ഞ വർഷം ഡിസംബർ ആറിന് ഒരു മാസത്തെ സന്ദർശ വീസയിൽ യുഎഇയിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ഒാസ്ട്രേലിയയിലേയ്ക്ക് പോവുകയാണ് എളുപ്പമെന്നായിരുന്നു ഏജന്റ് നൂർ മുഹമ്മദ് പറഞ്ഞുവിശ്വസിപ്പിച്ചത്. 

വീസയും ജോലിയുമില്ല; പാക്കിസ്ഥാനിയുടെ സഹായ ഹസ്തം

ഏജന്റ് നൂർ മുഹമ്മദാണ് ഇരുവരെയും അജ്മാനിലെ ഇൗ വില്ലയിലെത്തിച്ചത്. കൊച്ചുമുറിയില്‍ പത്തു പേരുണ്ട്. ആദ്യത്തെ മാസത്തെ വാടക അഡ്വാൻസായി നൽകി. ഭക്ഷണത്തിന് 50 ദിർഹം നൽകി ഏജന്റ് നൂർ മുഹമ്മദ് പോയതാണ് പിന്നെ ആ വഴി കണ്ടിട്ടില്ല. ഫോൺ വിളിച്ചപ്പോൾ ആദ്യമൊക്കെ എടുത്തിരുന്നു. വീസ ഉടൻ ശരിയാകും, കുറച്ചുകൂടി കാത്തിരിക്കൂ  എന്നായിരുന്നു മറുപടിയെന്ന് ശിവകുമാറും മുഹമ്മദ് യൂസഫും പറഞ്ഞു. കുറേ കാലമായി ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല. ഇതോടെ വഴിയാധാരമായി. മുറിയുടമയായ പാക്കിസ്ഥാനി യുവാവിന്റെ ഔദാര്യത്തിലാണ് അതിന് ശേഷം കഴിയുന്നത്. മുറി വാടക അദ്ദേഹം ചോദിക്കാറില്ല. ആ മനുഷ്യസ്നേഹി  തന്നെ ഭക്ഷണവും നൽകുന്നു. എന്നാൽ, ഒരാളെ തന്നെ എത്രനാൾ ബുദ്ധിമുട്ടിക്കുമെന്നും ഒാർത്താണ് ഇരുവർക്കും വിഷമം. രണ്ടുപേരുടെയും സന്ദർശക വീസ തീർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. അതിന്റെ പിഴ ഒടുക്കിയാലേ നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കൂ.  എന്നാൽ, ഭക്ഷണത്തിന് പോലും വകയില്ലാത്ത തങ്ങൾ എങ്ങനെ പിഴയടക്കുമെന്ന് ഇരുവരും ചോദിക്കുന്നു. മാത്രമല്ല, പലിശയ്ക്ക് പണം തന്ന സംഘം അരിശത്തോടെ കാത്തിരിക്കുന്നുമുണ്ട്. അവരുടെ മുന്നിൽ ചെന്നുപെടുന്നത് അറവു വാളിന് മുന്നിലേക്ക് കഴുത്തു നീട്ടിക്കൊടുക്കുന്നതിന് തുല്യമായിരിക്കുമെന്ന് ശിവകുമാർ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

 

അമ്മ കിടപ്പിലാണ്; ഭാര്യയും പറക്കമുറ്റാത്ത മകളുമുണ്ട്

ഇൗ പ്രതിസന്ധിയിൽ നിന്ന് തങ്ങളെ രക്ഷിക്കൂ എന്നാണ് ശിവകുമാറിന്റെയും മുഹമ്മദ് യൂസഫിന്റെയും നിലവിളി. ശിവകുമാറിന്റെ അമ്മ തളർവാതം പിടിച്ച് കിടപ്പിലാണ്. അച്ഛൻ നേരത്തെ മരിച്ചു. ഭാര്യയും മകളുമുണ്ട്. ഇവരെല്ലാം കൊടിയ ദാരിദ്ര്യത്തിലാണ്. എല്ലാവരോടും ഒന്നു ഫോണിൽ സംസാരിച്ചിട്ട് പോലും ഏറെ നാളായെന്ന് കണ്ണീരോടെ ഇൗ യുവാവ് പറയുന്നു.

മുഹമ്മദ് യൂസഫിനും വയോധികരായ മാതാപിതാക്കളും ഭാര്യയും കുട്ടിയുമുണ്ട്. ഇവരുടെ കാര്യവും കഷ്ടത്തിലാണ്. ബന്ധുക്കളുടെയും മറ്റും സഹായത്താലാണ് എല്ലാവരും ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നത്. പലിശപ്പണം തിരിച്ചു നൽകാതെ പോകാനാവില്ലെന്ന് മുഹമ്മദ് യൂസഫും പറയുന്നു. ഇവിടെ ആരെങ്കിലും വീസയും ജോലിയും നൽകിയാൽ നിൽക്കാൻ തയാറാണ്. ഇരുവരെയും ബന്ധപ്പെടേണ്ട നമ്പർ: 055–4031637, 055–4032184.

മെക്കാനിക്കാണ് രോഹിത്; ഒരു ജോലി നൽകൂ

കൊൽക്കത്ത സ്വദേശി രോഹിത് ചൗധരി മെക്കാനിക്കാണ്. നോയിഡയിലെ സാംസങ് കമ്പനിയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. മെച്ചപ്പെട്ട ഉപജീവനം തേടിയാണ് യുഎഇയിലെത്തിയത്. ഇതിനായി കൊൽക്കത്തിയിലെ ഏജന്റ് നദീം വാജിദിന് 55,000 രൂപ നൽകി. ഒരു മാസത്തെ സന്ദർശക വീസയിലാണ് യുഎഇയിലെത്തിച്ചത്. ഇവിടെ ജോലിയും വീസയും തയാറാണെന്നായിരുന്നു വാഗ്ദാനം. എന്നാൽ, വീസാ കാലാവധി കഴിഞ്ഞിട്ടും ജോലിയായില്ല. ഉടൻ ശരിയാകുമെന്നാണ് ഏജന്റ് ഇപ്പോഴും പറയുന്നത്. ജോലിയില്ലാതെ നാട്ടിലേയ്ക്ക് തിരിച്ചുപോക്ക് ആലോചിക്കാൻ വയ്യ. പലരിൽ നിന്ന് കടം വാങ്ങിയാണ് ഇൗ യാത്രയ്ക്കുള്ള പണം സമാഹരിച്ചത്. അതു തിരിച്ചുകൊടുക്കാതെ ചെന്നാൽ ആരും വെറുതെ വിടില്ല. രോഹിതിനെ ബന്ധപ്പെടാനുള്ള നമ്പർ: 054– 599 4163.

വീസ തട്ടിപ്പിനിരയായവർ സാമൂഹിക പ്രവർത്തകനും ഗൾഫ് കോൺഗ്രസ് കമ്മിറ്റി (ജിസിസി) പ്രസിഡൻ്റുമായ ഷാജി എടശ്ശേരി, സെക്രട്ടറി അച്ചു എന്നിവരോടൊപ്പം.

എന്നെ തിരിച്ചയക്കരുതേ... കരഞ്ഞുകൊണ്ട് മുഹമ്മദ് നസീം അലി

സാറേ, എന്നെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കരുതേ.. ഞാൻ പോവില്ല..– ഉത്തർപ്രദേശിലെ അലഹബാദിലേയ്ക്ക് വെറും കൈയോടെയുള്ള മടക്കം മുഹമ്മദ് നസീം അലി എന്ന ചെറുപ്പക്കാരന് ആലോചിക്കാനേ വയ്യ. അത്രമാത്രം പ്രശ്നങ്ങളാണ് അവിടെ കാത്തിരിക്കുന്നത്. ഒരു മാസത്തെ സന്ദർശക വീസയ്ക്ക് ഇൗ നിരക്ഷരൻ 90,000 രൂപയാണ് ഏജന്റിന് നൽകിയത്. ആ പണത്തിനായി കടക്കാരെല്ലാം കാത്തിരിക്കുന്നു. യുഎഇയിലുള്ള അഷ്റഫ് എന്നയാളും ഒരു ഏജൻ്റാണ്. ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. എസി മെയിന്റ്റനൻസ് ജോലിക്കെന്ന് പറഞ്ഞാണ് കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ, ഇപ്പോൾ എന്ത് ജോലിയും ചെയ്യാൻ തയാറാണ്. 

സാർ.. എന്നെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കരുതേ.. എനിക്കൊരു ജോലി തരണേ.. –മുഹമ്മദ് യൂസഫിന്റെ കരച്ചിൽ അജ്മാൻ കടന്നും ഒഴുകുന്നു. ഇയാളെ ബന്ധപ്പെടാനുള്ള നമ്പർ:  054–5650261. 

ഉത്തർപ്രദേശ് സ്വദേശി റംസാനും സന്ദർശക വീസ തീർന്നിട്ട് 50 ദിവസം പിന്നിട്ടു. അതുകൊണ്ട് തന്നെ നാട്ടിലേക്ക് തിരിച്ചുപോകാൻ പിഴയൊടുക്കാനുള്ള പണമില്ല. 

വീസ കാലാവധി കഴിഞ്ഞതുകാരണം ഇവർക്ക് ജോലി അന്വേഷിച്ചോ മറ്റോ പുറത്തിറങ്ങി നടക്കാനാവുമാകുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിനായെങ്കിലും എന്തെങ്കിലും ജോലി തന്ന് സഹായിക്കണമെന്നാണ് എല്ലാവരുടെയും അപേക്ഷ. അതു വന്നുപതിക്കുന്നത് മനസ്സിൽ കാരുണ്യം വറ്റിയിട്ടില്ലാത്തവരുടെ കാതുകളിലാകട്ടെ.

സാമൂഹിക പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്

വീസ ഏജന്റിന്റെ ചതിയിൽപ്പെട്ട് കുടുങ്ങിയവരെ സഹായിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് സാമൂഹിക പ്രവർത്തകനും ഗൾഫ് കോൺഗ്രസ് കമ്മിറ്റി (ജിസിസി) പ്രസിഡന്റുമായ ഷാജി എടശ്ശേരിയും സെക്രട്ടറി അച്ചുവും മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

ഇത്തരത്തിൽ ചതിയിൽപ്പെട്ട് എത്തുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരുന്നു. നാട്ടിൽ തൊഴിലില്ലാത്തതിനാൽ, മെച്ചപ്പെട്ട ജീവിതം തേടിയാണ് പലരുമെത്തുന്നത്. എന്നാൽ, വീസ ഏജന്‍റുമാരുടെ തട്ടിപ്പിനെക്കുറിച്ചറിയാതെ ഇരകളായി ലക്ഷങ്ങള്‍ പലരും നഷ്ടപ്പെടുത്തുന്നു. ഒടുവിൽ പട്ടിണിയിലായി മാനസിക നില തെറ്റിയവരെ പോലെ കഴിഞ്ഞുകൂടുന്നു. ഇവരെ സഹായിക്കാൻ യുഎഇയിലെ  ഇന്ത്യൻ എംബസിയും കോൺസുലേറ്റും മുന്നോട്ട് വരണമെന്ന് ഷാജി എടശ്ശേരി ആവശ്യപ്പെട്ടു. ഇൗ യുവാക്കളിൽ പലും വിദഗ്ധ ജോലിക്കാരാണ്. ഇവർക്ക് ഒരു ജോലി നൽകാൻ കമ്പനികൾ മുന്നോട്ടുവരണം. എങ്കിൽ രക്ഷപ്പെടുന്നത് കുറേ ജീവിതങ്ങളായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഷാജി എടശ്ശേരിയെ ബന്ധപ്പെടാം: 055– 732 0854.

MORE IN GULF
SHOW MORE
Loading...
Loading...