ഖത്തർ ലോകകപ്പ്; സുരക്ഷിതത്വം ഉറപ്പാക്കാൻ എഫ്ബിഐയും

2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനു സുരക്ഷയൊരുക്കാൻ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയുടെ സഹായം. ഖത്തർ ആഭ്യന്തരമന്ത്രാലയത്തിലേതടക്കമുള്ള വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കു എഫ്.ബി.ഐ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു 

മേഖലയിൽ അസ്ഥിരത തുടരുന്ന പശ്ചാത്തലത്തിൽ 2022 ൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മൽസരങ്ങളുടെ സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ആഭ്യന്തരമന്ത്രാലയത്തിൻറെ നടപടി. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ നേരിട്ടാണ് ദോഹയില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസം നീളുന്ന പരിശീലനപരിപാടിയിൽ ഖത്തറിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 43 ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. 

തിരക്കേറിയ ഗ്യാലറികളിലേയും നിരത്തുകളിലേയും സുരക്ഷാ പ്രതിസന്ധികളെ എങ്ങനെ മറികടക്കാം, അടിയന്തിര സാഹചര്യങ്ങളെ എങ്ങിനെ നേരിടാം, അപകട സാധ്യതകള്‍ എങ്ങനെ തിരിച്ചറിയാം എന്നീ വിഷയങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട വൈദഗ്ധ്യം ലഭ്യമാക്കുകയാണ് പരിശീലനത്തിലൂടെ.

ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളിലെ നിര്‍ണായക ചുവടാണ് പരിശീലനമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ആസൂത്രണ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ റഹ്മാന്‍ മാജിദ് അല്‍ സുലൈത്തി പറഞ്ഞു. എല്ലാ വെല്ലുവിളികളെയും നേരിടാന്‍ ആഭ്യന്തര മന്ത്രാലയം സുസജ്ജമാണെന്നും ഡയറക്ടർ വ്യക്തമാക്കി.