ഗൾഫിലെ ആദ്യ ജലവൈദ്യുത പദ്ധതി ഹത്തയിൽ സ്ഥാപിക്കുന്നു

hattadam-dubai
SHARE

ഗൾഫ് മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി ദുബായിലെ ഹത്തയിൽ സ്ഥാപിക്കുന്നു. അഞ്ചുവർഷത്തിനകം നിർമാണം പൂർത്തിയാക്കും. ഇരുന്നൂറ്റിഅൻപതു മെഗാവാട്ട് വൈദ്യുതിയാണ് പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കാനൊരുങ്ങുന്നത്. 

ഒമാന്‍ അതിര്‍ത്തിയിലുള്ള യുഎഇ  ഗ്രാമമായ ഹത്തയുടെ സമഗ്രവികസനത്തിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിഭാവനം ചെയ്ത പദ്ധതികളുടെ ഭാഗമായാണ് ജലവൈദ്യുത പദ്ധതി തുടങ്ങുന്നത്. രണ്ടായിരത്തിഎണ്ണൂറു കോടിയോളം രൂപാ ചെലവിൽ നിർമിക്കുന്ന പദ്ധതിയുടെ കരാറിൽ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ഒപ്പുവച്ചു. 

80വർഷത്തെ കാലാവധിയിലാണ് ജലവൈദ്യുതി നിലയം നിർമിക്കുന്നത്. ഹത്ത അണക്കെട്ടിലെ ജലമാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്. ഹത്തയെ വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ തദ്ദേശീയരായവർക്കു തൊഴിലും ലഭ്യമാക്കും. 2050 ഓടെ ദുബായുടെ 75% വൈദ്യുതിയും സംശുദ്ധ സ്രോതസ്സിൽ നിന്ന് ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുകയാണെന്നും അതിനു ഹത്ത ജല വൈദ്യുത പദ്ധതി പ്രയോജനകരമാകുമെന്നും ദീവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി. 

MORE IN GULF
SHOW MORE
Loading...
Loading...