അത് അവസാന യാത്രയാകുമെന്ന് കരുതിയില്ല; മരിച്ച പ്രവാസി രക്ഷാപ്രവർത്തകന് യാത്രാമൊഴി

gulf-razak-dead
SHARE

വെള്ളക്കെട്ടിൽ മുങ്ങിപ്പോയ കുട്ടിയുടെ ജീവൻ രക്ഷിച്ച് കരയ്ക്കെത്തിച്ച ശേഷമാണ് അബ്ദുൽ റസാഖ് കുഴഞ്ഞുവീണ് മരിക്കുന്നത്. കേരളത്തിന് തന്നെ വലിയ നൊമ്പരമായ ഇൗ മരണം പ്രവാസികളിലും കണ്ണീരാവുകയാണ്. കാരണം ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം സുഹൃത്തുക്കളോടൊക്കെ യാത്ര പറഞ്ഞ് നാട്ടിലേക്ക് അവധിക്കെത്തിയത്.  ഒരിക്കലും കരുതിയിരുന്നില്ല, അത് അവസാനത്തെ യാത്രാ പറച്ചിലായിരിക്കുമെന്ന് കുഴഞ്ഞു വീണ് മരിച്ച ദുബായിലെ പ്രവാസി മലയാളി മലപ്പുറം തിരുനാവായ അജിതപ്പടി സ്വദേശി അബ്ദുൽ റസാഖ് അക്കിപ്പറമ്പിലിന്റെ സഹപ്രവർത്തകര്‍ പറയുന്നു. ദുബായ് ജെംസ് സ്കൂളിലെ ബസ് ഡ്രൈവറായിരുന്ന അബ്ദുൽ റസാഖ് ഇപ്രാവശ്യം വേനലവധിക്ക് സ്കൂൾ അടച്ചപ്പോഴായിരുന്നു നാട്ടിലേയ്ക്ക് പോയത്. മകളുടെ വിവാഹവും യാത്രയുടെ ലക്ഷ്യമായിരുന്നു.

അധ്യാപകരടക്കമുള്ള സഹപ്രവർത്തകർ അദ്ദേഹത്തിന് യാത്രയയപ്പ് ഒരുക്കുക്കി സമ്മാനം നൽകിയാണ് പറഞ്ഞയച്ചത്. പക്ഷേ, അത് അവസാത്തേതായിരിക്കുമെന്ന് ആരും കരുതിയിരുന്നതേയല്ല. കഴിഞ്ഞ 10 വർഷമായി അബ്ദുൽ റസാഖ് ഇൗ സ്കൂളിൽ ജോലി ചെയ്യുന്നു. വേനലവധിക്ക് സ്കൂൾ അടക്കുന്ന ദിവസം നിറ പുഞ്ചിരിയുമായി അബ്ദുൽ റസാഖ് എല്ലാവരെയും സമീപിച്ചു മകളുടെ വിവാഹ ക്ഷണക്കത്ത് കൈമാറി. എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. ഇൗ വേർപാട് അസഹനീയമാണ്– മുതിർന്ന അധ്യാപിക പറഞ്ഞു.

കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോഴും അബ്ദുൽ റസാഖിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അന്നും അധ്യാപകരടക്കമുള്ള സഹ പ്രവർത്തകർ പണം സ്വരൂപിച്ച് നൽകി. അതും നാട്ടുകാരും സഹായിച്ചാണ് വീട് നന്നാക്കിയത്. അദ്ദേഹം ഇനിയൊരിക്കലും തിരിച്ചുവരികയില്ല എന്ന് വിശ്വസിക്കാനേ സാധിക്കുന്നില്ല– മറ്റൊരു അധ്യാപകൻ പറഞ്ഞു. ഒരാഴ്ച മുൻപായിരുന്നു അബ്ദുൽ റസാഖിന്റെ മകളുടെ വിവാഹം. ഇതോടനുബന്ധിച്ച് വീട് പെയിന്റടിച്ച് നന്നാക്കിയിരുന്നു. സന്തോഷത്തോടെ വിവാഹം കഴിഞ്ഞതിൽ ഏറെ സംതൃപ്തനായിരുന്ന ഇദ്ദേഹം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഇൗ മാസം അവസാനത്തോടെ യുഎഇയിലേയ്ക്ക് തിരിച്ചെത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

വീട്ടിൽ മഴ വെള്ളം കയറിയതിനാൽ ഭാര്യാ സഹോദരനും ദുബായിൽ കൂടെ ജോലി ചെയ്യുന്നയാളുമായ ഷരീഫിന്റെ വീട്ടിലായിരുന്നു കഴിഞ്ഞ നാലു ദിവസമായി അബ്ദുൽ റസാഖും കുടുംബവും താമസിച്ചിരുന്നത്. ഇന്നലെ (ചൊവ്വ) അദ്ദേഹത്തിന്റെ മകൻ അലാഹുദ്ദീനും(16) ഷരീഫിന്റെ മകൻ നിഹാലും(12) വീട്ടിനടുത്തുള്ള വയലിൽ വെള്ളം നിറഞ്ഞത് കാണാൻ ചെന്നതായിരുന്നു. 10 മുതൽ 12 അടി വരെ ഉയരത്തിലുള്ള വെള്ളത്തിലേയ്ക്ക് കുട്ടികൾ പതിച്ചപ്പോൾ അവരെ രക്ഷപ്പെടുത്താൻ അബ്ദുൽ റസാഖ് എടുത്തു ചാടുകയായിരുന്നു. കുട്ടികളെ രക്ഷിച്ച ശേഷം അദ്ദേഹം വെള്ളത്തിലേയ്ക്ക് കുഴഞ്ഞുവീഴുകയും ചെയ്തു. എല്ലാവരും കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകുന്ന തിരക്കിലായതിനാൽ അദ്ദേഹത്തെ ശ്രദ്ധിച്ചതുമില്ല.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...