പ്രവാസികളുടെ പ്രിയപ്പെട്ട മന്ത്രി; ഓർമയിൽ ആ മുഖം

sushama-swaraj
SHARE

എല്ലാ അർഥത്തിലും പ്രവാസികൾക്കു പ്രിയങ്കരിയായിരുന്ന വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കൈയ്യെത്തും ദൂരത്തു സുഷമ സ്വരാജുണ്ടായിരുന്നുവെന്നു പ്രവാസികൾ ഓർക്കുന്നു. ഗൾഫ് രാജ്യങ്ങളുമായി ഏറ്റവും മികച്ച നയതന്ത്രബന്ധം സ്ഥാപിച്ചാണ് പ്രവാസികളുടെ പ്രിയപ്പെട്ട വിദേശകാര്യമന്ത്രി കടന്നുപോകുന്നത്.

മറ്റെല്ലാ രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തയായി എല്ലാ പ്രവാസികളുടെയും ഹൃദയം കീഴടക്കിയ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ജാതിമതവർഗ വേർതിരിവുകളില്ലാതെ നടത്തിയ സഹായ ഇടപെടലുകളുടെ പേരിലാണ് പ്രവാസലോകം സുഷമ സ്വരാജിനെ ഓർക്കുന്നത്. തൊഴിൽ ചൂഷണത്തിലും രോഗാവസ്ഥയിലും വീസ, പാസ്പോർട്ട് പ്രശ്നങ്ങളിലും കഴിഞ്ഞ ആയിരക്കണക്കിനു പ്രവാസികളാണ് സുഷമ സ്വരാജിൻറെ കനിവ് അനുഭവിച്ചറിഞ്ഞത്. പ്രവാസികാര്യമന്ത്രാലയം, വിദേശകാര്യമന്ത്രാലയത്തിൽ ലയിപ്പിച്ചതിനെത്തുടർന്നുണ്ടായ ആശങ്കകളെല്ലാം സുഷമയുടെ കൃത്യതയാർന്ന ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടു. ട്വിറ്ററിൽ ടാഗ് ചെയ്യപ്പെട്ട പരാതികൾക്കു ഉടനടി സ്നേഹപൂർണമായ നയസമീപനത്തിലൂടെ പരിഹാരം കാണാൻ സുഷ്മ സ്വരാജിനായി. 

യു.എ.ഇ, സൌദി അടക്കമുള്ള എല്ലാ ഗൾഫ് രാജ്യങ്ങളുമായും മികച്ച നയതന്ത്രബന്ധത്തിനു അടിത്തറ പാകിയതും സുഷമയുടെ ഇടപെടലുകളായിരുന്നു. പാക്കിസ്ഥാൻ അംഗമായ ഇസ്ളാമിക രാജ്യങ്ങളുടെ സംഘടനയുടെ അബുദാബിയിലെ യോഗത്തിൽ വിശിഷ്ടാതിഥിയായെത്തി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത് സുഷ്മയുടെ രാഷ്ട്രീയനയതന്ത്രമികവിൻറെ അടയാളമായിരുന്നു.  മലയാളിയായ ഫാദർ ടോം ഉഴുന്നാലിനെ യെമനിലെ തടവിൽ നിന്ന് ജിസിസി രാജ്യങ്ങളുടെ സഹായത്തോടെ മോചിപ്പിക്കുന്നതിലും ഇന്ത്യയുടെ പ്രിയപ്പെട്ട മകളുടെ ഇടപെടലുണ്ടായിരുന്നു. സുഷമ സ്വരാജിൻറെ വേർപാടിൽ വ്യവസായപ്രമുഖരും സാമൂഹ്യപ്രവർത്തകരും അനുശോചനം അറിയിച്ചു. രാഷ്ചട്രീയഭേദമന്യേ ഗൾഫിലെ ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയാണ് സുഷമ സ്വരാജ് കടന്നു പോകുന്നത്, പ്രവാസികളും നാടിൻറെ പ്രിയപ്പെട്ടവരാണെന്ന ഓർമപ്പെടുത്തലോടെ. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...