10 വയസ്സുകാരിയോട് മോശം പെരുമാറ്റം; വേലക്കാരിയുമായി അവിഹിതം; ഇന്ത്യക്കാരന് ദുബായിൽ ശിക്ഷ

dubai-rape
SHARE

10 വയസ്സുകാരിയോട് മോശമായി പെരുമാറിയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയ ഇലക്ട്രീഷനായ ഇന്ത്യക്കാരന് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. മൂന്നു വർഷം തടവും ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനുമാണ് വിധി. 2018ൽ ആണ് 43 വയസ്സുള്ള ഇന്ത്യക്കാരൻ ജുമൈറയിലെ വില്ലയിൽ വച്ച് 10 വയസ്സുള്ള ഫ്രഞ്ച് പൗരയായ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. നിരവധി തവണ ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നും കോടതി രേഖകൾ പറയുന്നു. 

ഈ വീട്ടിലെ ജോലിക്കാരിയായ ശ്രീലങ്കൻ യുവതിയുമായി ഇയാൾക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. സ്ത്രീയുടെ അനുവാദത്തോടെയാണ് പ്രതി വില്ലയിൽ പ്രവേശിച്ചിരുന്നത് എന്നാണ് കോടതി രേഖകളിൽ പറയുന്നത്. വീട്ടിൽ അതിക്രമിച്ച് കടക്കുന്നത് ഉൾപ്പെടെയുള്ള കുറ്റം ഇന്ത്യക്കാരനെതിരെ ചുമത്തി. നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് വ്യക്തമായതിനാൽ ജോലിക്കാരിക്കും ഇന്ത്യക്കാരനുമെതിരെ മറ്റൊരു കേസും ഉണ്ട്. ഈ കേസിൽ ഇരുവരും ദുബായ് പെരുമാറ്റക്കുറ്റ കോടതിയിലും ഹാജരാകേണ്ടതുണ്ട്.

2019 മാർച്ച് വരെ ഇന്ത്യക്കാരനായ ഇലക്ട്രീഷനും ശ്രീലങ്കൻ യുവതിയും ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടിരുന്നുവെന്നാണ് കോടതി രേഖകൾ. വില്ലയിലേക്ക് പ്രവേശിക്കാൻ ജോലിക്കാരിയാണ് സൗകര്യം ചെയ്തു കൊടുത്തിരുന്നത് എന്ന് വ്യക്തമാണ്. തന്റെ രക്ഷിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് പുരുഷനായ പ്രതി ജോലിക്കാരിയെ കാണാൻ വരാറുണ്ടെന്ന് പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ലിവിങ് റൂമിൽ ഇരുന്ന് താൻ ടിവി കാണുമ്പോൾ പ്രതി തന്റെ അടുത്ത് വന്നിരിക്കും. പിന്നെ അടുത്തേക്ക് വരികയും നിരവധി തവണ മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തിരുന്നുവെന്നും പെൺകുട്ടി മൊഴിയിൽ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഒരു ദിവസം ഭയന്നുപോയ പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. വീട്ടുജോലിക്കാരിയും കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് പറ‍ഞ്ഞിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. 

പ്രതിയായ പുരുഷൻ തന്റെ വീട്ടിലെ ലിവിങ് റൂമിൽ വരെ വന്നിരുന്നുവെന്ന കാര്യം ഞെട്ടലോടെയാണ് കേട്ടതെന്ന് പെൺകുട്ടിയുടെ മാതാവ് പ്രതികരിച്ചു. ജോലിക്കാരുടെ മുറിയിൽ പ്രവേശിക്കാൻ മാത്രമേ അയാൾക്ക് അനുവാദം ഉണ്ടായിരുന്നുള്ളൂ. ഏറെകാലം പ്രതി തന്റെ കുഞ്ഞിനോട് മോശമായി പെരുമാറുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തിരുന്നുവെന്നു മാതാവും വ്യക്തമാക്കി. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...