യു.എ.ഇയിൽ ആശ്രിതവീസയിലുള്ള പുരുഷൻമാർക്കു ജോലി

dubai-job
SHARE

യു.എ.ഇയിൽ ആശ്രിതവീസയിലുള്ള പുരുഷൻമാർക്കു ജോലി ചെയ്യാൻ അനുമതി. ഭാര്യയുടെ സ്പോൺസർഷിപ്പിൽ രാജ്യത്തെത്തിയ ഭർത്താക്കൻമാർക്കും, പിതാവിൻറെ സ്പോൺസർഷിപ്പിലെത്തിയ പ്രായപൂർത്തിയായ ആൺകുട്ടികൾക്കും വർക്ക് പെർമിറ്റ് ലഭിക്കും. മലയാളികൾ അടക്കം നിരവധി പ്രവാസികൾക്കു ഗുണകരമാണ് പുതിയ തീരുമാനം. 

നേരത്തേ ഭർത്താവിൻറെ സ്പോൺസർഷിപ്പിലുള്ള ഭാര്യക്കു മാത്രമായിരുന്നു യു.എൽഇയിൽ ജോലി ചെയ്യാൻ അനുമതി. വീസകളിൽ നോട്ട് ഫോർ വർക്ക് എന്നു സ്റ്റാംപ് ചെയ്തിരുന്നെങ്കിലും സ്ഥാപനങ്ങൾക്കു മന്ത്രാലയം നൽകുന്ന പ്രത്യേക അനുമതിയോടെ സ്ത്രീകളെ ജോലിക്ക് നിയമിച്ചിരുന്നു. പുതിയ നിയമപ്രകാരം ഈ ആനുകൂല്യം ഇനി ഭർത്താക്കന്മാർക്കും ലഭ്യമാകുമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. ഭാര്യയുടെ സ്പോൺസർഷിപ്പിലുള്ള ഭർത്താക്കന്മാരെ ജോലിക്കു നിയമിക്കാൻ സ്ഥാപനങ്ങൾക്കു അനുമതി നൽകിയതായി മാനവശേഷി സ്വദേശിവൽകരണ മന്ത്രി നാസർ ബിൻ താനി അൽ ഹംലി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിയമപ്രകാരം വർക്ക് പെർമിറ്റ് നൽകി തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി സെയ്ഫ് അഹ്മദ് അൽ സുവൈദി പറഞ്ഞു. വർക് പെർമിറ്റിനുള്ള തുക സ്പോൺസറാണ് വഹിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇങ്ങനെ ജോലി ചെയ്യുന്നവർക്ക് മറ്റു ജോലികളിലേക്ക് മാറുന്നതിനു നിയമ തടസമുണ്ടാകില്ല.

MORE IN GULF
SHOW MORE
Loading...
Loading...