ഡിവൈഎഫ്ഐ നേതാക്കൾ ഉപദ്രവിക്കുന്നു, ബിസിനസ് തുടങ്ങാനാകുന്നില്ല: പ്രവാസി മലയാളി

dyfi-nri-man
SHARE

ആന്തൂരിന്റെ അലയൊലിയടങ്ങും മുമ്പേ, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു പ്രവാസി സംരംഭകന്റെ പരാതി. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സൗത്ത് തറയിൽ പുത്തൻവീട്ടിൽ ജോയി പി.സാമുവലാണ് അങ്ങാടിക്കലിൽ ട്രോപ്പിക്കൽ കോഴിഫാം ആരംഭിക്കാൻ ശ്രമിച്ചതിന്റെ പേരിൽ തന്നെ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ പീഡിപ്പിക്കുകയാണെന്ന് പരാതി നൽകിയത്. ഇവരുടെ സ്വാധീനം കാരണം ഒരു ഫാം തുടങ്ങാൻ സാധിക്കാതിരുന്നപ്പോൾ വീട്ടിൽ പശുവളർത്തൽ ആരംഭിച്ചു. എന്നാൽ അതിൽ പങ്കാളിയാകുകയും നോക്കി നടത്തുകയും ചെയ്തിരുന്ന യുവാവിനെ കഴിഞ്ഞദിവസം കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അബുദാബിയിൽ അർധസർക്കാർ സ്ഥാപനത്തിൽ ഫിനാൻസ് ഡയറക്ടറാണ് ജോയി പി.സാമുവൽ. രണ്ടു ബിരുദാനന്തര ബിരുദവും ട്രോപ്പിക്കൽ ഫാമിങിൽ യോഗ്യതയും നേടിയിട്ടുള്ള മുൻ അധ്യാപകൻ കൂടിയായ പി.സി. ബിജുവിനെയാണ് 24ന് കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയിരിക്കുന്നതെന്ന് ജോയി ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ടയിൽ മാർക്കറ്റിനു സമീപം കോഴിക്കടയും നടത്തുന്നുണ്ട് ബിജു. അങ്ങാടിക്കൽ സൗത്തിൽ ബിജുവിന് താമസിക്കാൻ ജോയി നൽകിയിരിക്കുന്ന വീടിന് ഏറെ അകലെ പുരയിടത്തിന്റെ ഒരറ്റത്ത് രാത്രിയിൽ മൂന്നു ചെറുകന്നാസ് സ്പിരിറ്റും വിദേശ മദ്യവും കൊണ്ടുവച്ചിട്ട് എക്സൈസ് സംഘത്തെ വിളിച്ചു കാണിച്ച് ബിജുവിനെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നെന്ന് ജോയി പരാതിയിൽ പറയുന്നു. 12 കിലോമീറ്റർ അകലെ കടയിലായിരുന്ന ബിജുവിനെ സംഘം വിളിച്ചുകൊണ്ടു വന്ന് അത് കാണിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പുരയിടത്തിന് ചുറ്റുമുണ്ടായിരുന്ന കമ്പിവലക്കണ്ണിയുടെ നല്ല വേലി അറുത്തുമാറ്റിയാണ് കന്നാസ് വച്ചിട്ടുള്ളത്. ഇത് പുറത്തുനിന്നുള്ളവർ കൊണ്ടുവച്ചതാണെന്ന് വ്യക്തവുമാണ്.

ക്യാൻസർ ബാധിതനായ വയോധികനായ പിതാവും രോഗിയായ മാതാവും രണ്ടു കുഞ്ഞുങ്ങളുമുള്ള ബിജുവിന് സ്വാഭാവിക നീതി പോലും നിഷേധിച്ചാണ് ജയിലിലാക്കിയത്. മുകളിലുള്ളവരുടെ സമ്മർദ്ദം കാരണമാണ് ചെയ്യേണ്ടിവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ തന്നോടു നിസഹായതോടെ പറഞ്ഞെന്നും ജോയി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തി. അങ്ങാടിക്കൽ സൊസൈറ്റിയിൽ ഏറ്റവും കൂടുതൽ പാൽ നൽകിയിരുന്നത് തങ്ങളുടെ ഫാമിൽ നിന്നായിരുന്നെന്നും നല്ല രീതിയിൽ പോയിരുന്ന ഫാമിനെ ഇല്ലാതാക്കുന്നതിനും മുൻപ് തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന കോഴിഫാം ഒരു രീതിയിലും ആരംഭിക്കാതിരിക്കുന്നതിനുമാണ് തന്റെ ഫാമിന്റെ പങ്കാളിയും മേൽനോട്ടക്കാരനുമായ ബിജുവിനെ കള്ളക്കേസിൽ അറസ്റ്റു ചെയ്യിച്ചതെന്നും ജോയി മനോരമയോടു പറഞ്ഞു.

കഴിഞ്ഞവർഷം തുടക്കത്തിലാണ് അങ്ങാടിക്കൽ സൗത്തിലുള്ള ആളൊഴിഞ്ഞ തങ്ങളുടെ സ്ഥലത്താണ് ആധുനിക രീതിയിൽ ട്രോപ്പിക്കൽ കോഴി ഫാം തുടങ്ങാൻ ആലോചിച്ചത്. മറ്റൊരു സ്ഥലത്ത് ഫാം ചെറിയ രീതിയിൽ തുടങ്ങാൻ വായ്പയെടുത്തിരുന്ന ബിജു തന്നോടു സഹകരണം അഭ്യർഥിച്ചതിന്റെ പേരിലാണ് തുടങ്ങാമെന്ന് തീരുമാനിച്ചതും. കാർഷിക കുടുംബത്തിൽ ജനിച്ച തനിക്കും ഇതിനോടെല്ലാം ആഭിമുഖ്യം ഉണ്ടായിരുന്നതും കാരണമായി. കൊടുമൺ പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും ഫാം വന്നു കണ്ട് എല്ല പിന്തുണയും നൽകി പ്രാഥമിക അനുമതിയും നൽകി. മലീനകരണ നിയന്ത്രണ ബോർഡിന്റെയും അഗ്നിശമനസേനയുടെയും എല്ലാം അനുമതികളും നേടി. എന്നാൽ അവിടെ നിന്ന് ഏറെ അകലെ താമസിക്കുന്ന പ്രമാണിയായ ആൾ തുടക്കത്തിൽ സഹകരിച്ചെങ്കിലും പിന്നീട് പരാതിയുമായി രംഗത്തു വന്നു. പഞ്ചായത്ത് സെക്രട്ടറിയും മലീനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും പരിശോധനക്കെത്തി പരാതിക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തി തള്ളി. സ്ഥലം എംഎൽഎ ചിറ്റയം ഗോപകുമാറും ഇവിടം സന്ദർശിച്ച് നല്ല അഭിപ്രായം പറഞ്ഞു.

എന്നാൽ പിന്നീട് അടുത്ത വാർഡിലെ അംഗത്തെ സ്വാധീനിച്ച് പഞ്ചായത്തിൽ നിന്ന് അന്തിമ അനുമതി നൽകാതിരിക്കാൻ ശ്രമമായി. തുടർന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെയും കൂട്ടി കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ഇതിനെതിരേ ജോയി ജൂലൈയിൽ ഡിവൈഎസ്പിക്കു പരാതി നൽകി. പിന്നീട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവർക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെയാണ് അങ്ങാടിക്കൽ നോർത്തിൽ വീടിനോട് ചേർന്ന് സ്വന്തം പുരയിടത്തിൽ പശുവിനെ വളർത്താൻ ആരംഭിച്ചത്. ബിജു തന്നെയാണ് അതിനും നേതൃത്വം നൽകിയത്. ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനെങ്കിലും ഉപകരിക്കുമെന്നു കരുതി. തിരഞ്ഞെടുപ്പിന് പിരിവ് ചോദിച്ച് എത്തിയ ചിലർക്ക് അതു നൽകാതിരുന്നതാണ് വൈരാഗ്യത്തിന് പ്രധാന കാരണമെന്ന് ജോയി പറഞ്ഞു. ലഹരിവസ്തുക്കളോ മറ്റോ ഇതുപോലെ കൊണ്ടുവച്ച് ആരെയും അറസ്റ്റ് ചെയ്യിക്കാമെന്ന സ്ഥിതിയുള്ളതു കൊണ്ട് പ്രവാസികൾ നാട്ടിൽ പോകുമ്പോൾ ഏറെ ജാഗ്രതാപാലിക്കണമെന്നും ജോയി സമൂഹമാധ്യമത്തിൽ അഭ്യർഥിക്കുന്നു.മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെയുള്ളവർക്ക് അടുത്തദിവസം പരാതി നൽകുമെന്നും ജോയി പറഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...