ദുബായ്-കൊച്ചി വിമാനം അനിശ്ചിതമായി വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ

dubai-kochi-flight
SHARE

ദുബായില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ വിമാനം ഇരുപത്തിയാറുമണിക്കൂര്‍ പിന്നിട്ടിട്ടും പുറപ്പെടാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഇന്നലെ ഉച്ചയ്ക്കു പുറപ്പെടേണ്ട എ.ഐ തൊള്ളായിരത്തിമുപ്പത്തിനാല് വിമാനമാണ് വൈകുന്നത്. കൈക്കുഞ്ഞുങ്ങൾ അടക്കം മൂന്നൂറോളം പേരാണ് ദുരിതത്തിലായത്. 

വിമാനടിക്കറ്റ് നിരക്ക് ഉയർത്തി പ്രവാസികളെ പിഴിയുന്നതും പോരാഞ്ഞിട്ടാണ് വിമാനം വൈകി യാത്രക്കാർ ദുരിതത്തിലാകുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കു ബോർഡിങ് പാസെടുത്തശേഷം യാത്രക്കാരെ വിമാനത്തിൽ കയറ്റി. പിന്നീട് മൂന്നു മണിക്കൂറിനു ശേഷമാണ് സാങ്കേതിക തകരാർ കാരണം യാത്ര വൈകുമെന്ന് അറിയിച്ചത്. തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇരുപത്തിയാറു മണിക്കൂർ പിന്നിട്ടിട്ടും വിമാനം പുറപ്പെടുന്നതിനെക്കുറിച്ചു വിവരങ്ങൾ അറിയിക്കാതായതോടെ യാത്രക്കാർ പ്രതിഷേധിക്കുകയാണ്. പ്രായമായവരും പിഞ്ചുകുട്ടികളുമടക്കം മുന്നൂറു യാത്രക്കാരാണ് ദുരിതത്തിലായത്.

സാങ്കേതിക തകരാർ കാരണമാണ് വിമാനം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സ്കൂൾ അവധി തുടങ്ങിയതോടെ ആയിരക്കണക്കിനു മലയാളികളായ പ്രവാസികളുൾപ്പെടെയുള്ളവരാണ് നാട്ടിലേക്കു എയർ ഇന്ത്യയെ ആശ്രയിക്കുന്നത്. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു കനിവും ലഭിക്കാറില്ലെന്നാണ് പ്രവാസികളുടെ പ്രതികരണം.

MORE IN GULF
SHOW MORE
Loading...
Loading...