ഭര്‍ത്താവിന്റെ കൈ തട്ടിമാറ്റി ലുലു മാളില്‍ രക്ഷിച്ച ആ കുഞ്ഞ്; സ്വപ്നയ്ക്ക് ഒരാഗ്രഹം

susan54
ബിജോയും സ്വപ്നയുടെ കുടുംബവും
SHARE

വർഷങ്ങൾ കഴിഞ്ഞിട്ടും ആ ബാലനെ ഒന്ന് കാണാൻ കൊതിക്കുകയാണ് സിസ്റ്റർ സ്വപ്ന. തന്റെ മടിയിൽ കിടന്ന് ജീവിതത്തിലേക്കു തിരികെ വന്ന ആ അജ്ഞാത ബാലനെ.

അബുദാബി എൻഎംസി ഹോസ്പിറ്റലിൽ സ്വപ്നയുടെ കൂടെ ജോലി ചെയ്യുന്ന സുജയുടെ ഭർത്താവായ ബിജോ ആണ് മികച്ച നഴ്സുമാർക്കുള്ള എയ്ഞ്ചൽ അവാർഡിന് സ്വപ്നയെ നാമനിർദേശം ചെയ്തത്.

2017 നവംബർ നാലിനായിരുന്നു സംഭവം. ഭർത്താവ് പ്രശാന്തും മക്കളുമൊത്ത് മദീനത്ത് സായിദിലെ ലുലുമോളിൽ ഷോപ്പിങ്ങിനുപോയതാണ് കണ്ണൂർ സ്വദേശിനിയായ  സ്വപ്ന മാത്യു. ഷോപ്പിങ്ങിനിടെ, ആറു വയസ്സു തോന്നിക്കുന്ന ഒരു ബാലൻ തറയിൽ കിടന്ന് പുളയുന്നതും  അവന്റെ പിതാവ് അലമുറയിട്ടു കരയുന്നതും കണ്ടാണ് സ്വപ്ന ഓടിയെത്തിയത്.

ലോലി പോപ് മിഠായി തൊണ്ടയിൽ കുരുങ്ങി കരയുകയാണു ബാലൻ. സ്വപ്ന  കുഞ്ഞിനെ കാലിൽ കിടത്തി അടിയന്തര ഘട്ടത്തിൽ ചെയ്യുന്ന ബേസിക് ലൈഫ് സപ്പോർടിന്റെ ഭാഗമായുള്ള സ്ലാപ് (പുറത്തു തട്ടൽ) നൽകി. കുറച്ചു തട്ടിക്കഴിഞ്ഞപ്പോൾ  തൊണ്ടയിൽ കുരുങ്ങിയ മിഠായി നുരയും പതയ്ക്കുമൊപ്പം പുറത്തു ചാടി. അവൻ ശ്വാസം എടുക്കാൻ തുടങ്ങി. ഭർത്താവ് സ്വപ്നയെ തുടക്കം മുതൽ പിന്നിൽ നിന്നു വലിക്കുന്നുണ്ടായിരുന്നു. ആ കൈ തട്ടിമാറ്റിയിട്ടാണ് ബാലനെ ജീവതത്തിലേക്കു തിരികെയെത്തിച്ചത്. രക്ഷാപ്രവർത്തനം കഴിഞ്ഞതോടെ ഭർത്താവ്  പ്രശംസിച്ചെങ്കിലും അതിലെ അപകടത്തെക്കുറിച്ചും പറഞ്ഞു. ഇങ്ങനെ രക്ഷാപ്രവർത്തനം നടത്തുമ്പോൾ അത്യാഹിതം സംഭവിച്ചാൽ ആശുപത്രിക്കാർക്ക് ഉത്തരവാദിത്വമില്ല.  നഴ്സാണെന്നതിന്റെ ഒരു രേഖയും അപ്പോൾ കൈയിലുണ്ടായിരുന്നില്ല.

പൊലീസ് കോടതിയിൽ ഹാജരാക്കുമ്പോൾ മാത്രമാവും വിശദീകരണത്തിന്  അവസരം കിട്ടുക. പക്ഷേ ഇതൊന്നും  അപ്പോൾ ഓർത്തില്ലെന്ന് സ്വപ്ന പറഞ്ഞു.  ആ കുഞ്ഞിനെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു മനസ്സിൽ. വിവരങ്ങൾ തിരക്കാൻ കഴിയുന്നതിനു മുൻപേ ആ കുടുംബം പോയി. പാക്കിസ്ഥാൻകാർ ധരിക്കുന്നതുപോലുള്ള നീലനിറത്തിലുള്ള വേഷമാണ് ആ പിതാവ് ധരിച്ചിരുന്നത്. ഹംസ എന്ന് ഇളയകുഞ്ഞിനെ വിളിക്കുന്നതും കേട്ടു.

ഇതു മാത്രമാണ് അറിയാവുന്നത്. അടുത്തദിവസം ആശുപത്രിയിൽ എത്തിയപ്പോൾ  ജർമൻകാരിയായ ഡോക്ടറോട്  വിവരം പറഞ്ഞു. പിന്നീട് ആ ഡോക്ടറാണ് ഈ  രക്ഷാപ്രവർത്തനത്തെക്കുറിച്ച് ആശുപത്രി അധികൃതരെ അറിയിച്ചത്. അവർ  അനുമോദിച്ചു. നഴ്സുമാർക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന ഡെയ്സി അവാർഡും സ്വപ്നയ്ക്കു ലഭിച്ചു. ‘എനിക്ക് ആ കുഞ്ഞിനെ ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്. ലുലുവിന്റെ സിസിടിവിയിൽ ഒരുപക്ഷേ ഈ ദൃശ്യങ്ങൾ ഉണ്ടാകും. എന്നെങ്കിലും കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ..” മൂന്നു മക്കളുടെ അമ്മ കൂടിയായ സ്വപ്ന പറഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...