പാസ്പോർട്ടും തിരിച്ചറിയൽ രേഖയും വേണ്ട; ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്യാം; വിഡിയോ

gulf4
SHARE

പാസ്‌പോർട്ടും തിരിച്ചറിയൽ രേഖയും  ഹാജരാക്കാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാം. യാത്ര രേഖകളോ മനുഷ്യ സഹായമോ ഒന്നുമില്ലാതെ യാത്രാ നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കുന്ന ദുബായ് വിമാനത്താവളത്തിലെ സ്മാർട് ടണൽ സംവിധാനത്തിലൂടെയുള്ള എമിഗ്രേഷൻ നടപടി സൂപ്പർ സ്മാർടായതിനെ തുടർന്നാണിത് സാധ്യമായത്. ഏറെ ശ്രദ്ധായാകർഷിച്ചു കൊണ്ടിരിക്കുന്ന സൂപ്പർ സ്മാർട് ഗേറ്റ് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ ഡിപാർചർ ഭാഗത്താണ് ആദ്യഘട്ടത്തിൽ  ഒരുക്കിയിട്ടുള്ളത്.

സൂപ്പർ സ്മാർട് പാതയിലൂടെ നടന്നാൽ മതി

സ്മാർട് ടണൽ പാതയിലൂടെ ഒന്നു നടന്ന് പുറത്തിറങ്ങിയാൽ എമിഗ്രേഷൻ നടപടി പൂർത്തിയാക്കാമെന്നാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പാസ്പോർട്ടിൽ എക്സിറ്റ് സ്റ്റാമ്പ് പതിക്കുകയോ എമിറേറ്റ്‌സ് ഐഡി സ്മാർട് സിസ്റ്റത്തിൽ പഞ്ചു ചെയ്യുകയോ വേണ്ടതില്ല. യാത്രക്കാർ ടണലിലുടെ നടന്നു നീങ്ങുമ്പോൾ അവിടെയുള്ള ക്യാമറയിൽ ഒന്ന്  നോക്കിയാൽ മാത്രം മതി, ഉടൻ എമിഗ്രേഷൻ ന‌‌ടപടി പൂർത്തിയാക്കാം.

കഴിഞ്ഞ വർഷമാണ്‌ സൂപ്പർ സ്മാർട് ഗേറ്റ് പരീക്ഷണാർഥം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി യാത്രക്കാർക്ക് തുറന്നു കെടുത്തത്. അതിന് ശേഷം ബിസിനസ് ക്ലാസ് യാത്രക്കാർക്ക് ഇതിലൂടെയുള്ള നടപടി പുത്തൻ യാത്രാ അനുഭവമാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. 

എല്ലാം ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ 'കളി'

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രകാരം പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷൻ യാത്രാ സംവിധാനമാണ്‌ ഇത്. യാത്രക്കാർ സൂപ്പര്‍ സ്മാർട് ടണലിലൂടെ നടക്കുമ്പോൾ ഇതിലെ ബയോമെട്രിക് സംവിധാനം ആളുകളുടെ മുഖം തിരിച്ചറിഞ്ഞു സാങ്കേതിക സിസ്റ്റത്തിലുള്ള വിവരങ്ങളുടെ ക്യത്യത ഉറപ്പുവരുത്തും. അത് പ്രകാരമാണ് സ്മാർട് ടണലിലെ നടപടിക്രമങ്ങൾ ഏകോപിക്കുന്നതെന്ന് അധിക്യതർ വ്യക്തമാക്കി.

എമിഗ്രേഷൻ വരികളിൽ കാത്തുനിക്കാതെ എങ്ങനെ യാത്രക്കാർക്ക് എമിഗ്രേഷൻ പൂർത്തിയാക്കാമെന്നുള്ള പരീക്ഷണത്തിലായിരുന്നു ദുബായ് എമിഗ്രേഷൻ. തികച്ചും യുഎഇ നിർമിതമായ ഈ സംവിധാനം ലോകത്തിലെ തിരക്കേറിയ വിമാനതാവളത്തിലെ നടപടിയെ ഏറ്റവും സുഗമമാക്കുന്നു എന്ന് മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ പറഞ്ഞു.

സന്ദർശകർ മുൻകൂട്ടി വിവരങ്ങൾ റജിസ്റ്റർ ചെയ്യണം

നിലവിൽ ഇതിലൂടെ യാത്രചെയ്യാൻ മുൻകൂട്ടി വിവരങ്ങൾ  റജിസ്റ്റർ ചെയ്യണം. എയർപോർട്ടിലെ എമിഗ്രേഷൻ കൗണ്ടറിന് അടുത്തുള്ള പവലിയനിലോ, അവിടെയുള്ള കിയോസ്ക്കുകളിലോ റജിസ്‌ട്രേഷൻ നടത്താം. എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ചു സ്മാർട് ഗേറ്റുകളിലുടെ യാത്ര ചെയ്യുന്ന ആളുകളുടെ വിവരങ്ങൾ മുൻപ് റജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ അവർക്ക് നേരിട്ട് ടണൽ ഉപയോഗിക്കാനും കഴിയും. എന്നാൽ  ഇതിലൂടെ യാത്ര ചെയ്യുന്നവർ അവരുടെ കാലാവധിയുള്ള പാസ്പോർട് കൈയിൽ കരുതണം. അതിന് ചുരുങ്ങിയത്‌ 6 മാസത്തെ കാലാവധി ഉണ്ടായിരിക്കുകയും വേണം. 

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തിൽ വർഷതോറും റെക്കോർഡ് വർധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ എമിഗ്രേഷനായി കാത്തിരിക്കാതെ യാത്രാ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനാണ് സൂപ്പർ സ്മാർട് ടണൽ പോലുള്ള നൂതന സംവിധാനങ്ങൾ സജ്ജീകരിച്ചുട്ടുള്ളതെന്ന് മേജർ ജനറൽ കൂട്ടിച്ചേർത്തു. ഈ വർഷത്തെ ആദ്യത്തെ 6 മാസത്തിനുള്ളിൽ ദുബായിലുടെ യാത്ര ചെയ്തത് 27.4 ദശലക്ഷം പേരാണെന്ന് അധിക്യതർ വ്യക്തമാക്കി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...