കുട്ടിയെ പീഡിപ്പിച്ചിട്ട് നാടുവിട്ടു; റിയാദിലെത്തി പ്രതിയെ പൊക്കി മെറിൻ; ചരിത്രനിയോഗം

merin-joseph-gulf-arrest
SHARE

പോക്സോ കേസിലെ പ്രതിയായ കൊല്ലം ഓച്ചിറ സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിൽ കേരള പൊലീസ് സംഘം റിയാദിലെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സുനിൽകുമാർ ഭദ്രനെ (38 ) ആണ് സൗദി ഇന്റർപോളിന്റെ സഹായത്തോടെ കൊല്ലം പൊലീസ് കമ്മീഷണർ മെറിൻ ജോസഫും സംഘവും കേരളത്തിലേക്ക് കൊണ്ട് പോകുന്നത്.

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കുറ്റവാളികളെ കൈമാറാൻ കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ പൊലീസ് ഓഫിസർ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നൽകുന്നത്. 2010ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സൗദി സന്ദർശന വേളയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടായത്. എന്നാൽ ഇങ്ങനെയൊരു സംഘം ആദ്യമായാണ് സൗദിയിലെത്തുന്നത്.

നാഷനൽ സെൻട്രൽ ബ്യൂറോ ഇന്ത്യയുടെ ആവശ്യപ്രകാരം സൗദി ഇന്റർപോൾ മൂന്നാഴ്ച മുമ്പേ സുനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. സൗദിയിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്ന് സൗദി ഇന്റർപോൾ പ്രതിയെ പൊലീസ് സംഘത്തിന് കൈമാറും. കൊല്ലം ഡിസ്ട്രിക്ട്‌ ക്രൈം റിക്കാർഡ്സ് ബ്യൂറോ അസിസ്റ്റൻറ് പൊലീസ് കമീഷണർ എം. അനിൽകുമാർ, ഓച്ചിറ സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രകാശ് എന്നിവരാണ് സംഘത്തിലുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥർ.

ദീർഘകാലമായി റിയാദിൽ പ്രവാസിയായ സുനിൽ കുമാർ 2017 ൽ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. ഇളയച്ഛൻ വഴിയാണ് പെൺകുട്ടിയുടെ വീടുമായി ഇയാൾ ബന്ധം സ്ഥാപിക്കുന്നത്. അന്ന് 13 വയസുണ്ടായിരുന്ന കുട്ടിയെ ഇയാൾ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് വിവരം സഹപാഠികൾ വഴി സ്കൂളിലെ അധ്യാപിക അറിയുകയും അവർ ചൈൽഡ് ലൈനിന്‌ വിവരം കൈമാറുകയും ചെയ്തു.

തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമായി. ഇതോടെ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേയ്‌ക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഇവിടെ വച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കുകയാണ്‌ ഉണ്ടായത്‌. ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോൾ തന്നെ പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയിരുന്നു. റിയാദിൽ കഴിയുന്ന സുനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സ്വാഭാവിക നടപടിക്രമങ്ങളിലൂടെ ഒന്നര വർഷമായി നടന്നുവന്ന ശ്രമങ്ങൾ വിജയം കാണാതായപ്പോഴാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ സൗദി ഇന്റർപോൾ പ്രതിയെ പിടികൂടി വിവരം സി ബി ഐ ക്ക് കൈമാറി. പരമാവധി 45 ദിവസമാണ് സൗദി പോലീസിന്‌ പ്രതിയെ കസ്റ്റഡിയിൽ വെക്കാനാകുക. ഈ സമയം അവസാനിക്കും മുമ്പേ പൊലീസ് പ്രതിയുമായി കേരളത്തിലെത്തും.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...