ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി സൗദി ബാങ്കുകൾ, ജാഗ്രതാ നിർദ്ദേശം

saudi15
SHARE

സൗദിയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി ബാങ്കുകൾ. ഓൺലൈൻ ഇടപാടുകൾ നടത്തുന്ന പ്രവാസികളടക്കമുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അതേസമയം, ഇത്തരം തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശനശിക്ഷാനടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

ബാങ്ക് തട്ടിപ്പുകാർ ഇമെയിൽ അടക്കമുള്ള നൂതന മാർഗങ്ങളിലൂടെ ഉപയോക്താക്കളെ കെണിയിൽപെടുത്തുന്നത് പതിവായ സാഹചര്യത്തിലാണ് ഓൺലൈൻ ഇടപാടുകാർക്ക് സൌദി ബാങ്കുകളുടെ മുന്നറിയിപ്പ്. മൊബൈൽ ഫോൺ വിളിച്ചും വാട്സ് ആപ് സന്ദേശങ്ങൾ വഴിയുമായിരുന്നു ഇത്തരം സംഘങ്ങൾ വലവീശിയിരുന്നതെങ്കിൽ ഇന്ന് ബാങ്ക് ലോഗോ അടക്കമുള്ളവ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഇ മെയിൽ വഴി രഹസ്യവിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 

ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനെന്ന പേരിലുള്ള വ്യാജസന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് സൌദി ബാങ്ക് സർവീസ് സംഘടന മുന്നറിയിപ്പ് നൽകി. പ്രാദേശിക ബാങ്കുകളുടെ ലോഗോകളുമായി അജ്ഞാതഉറവിടങ്ങളിൽ നിന്നും ഇത്തരം സന്ദേശങ്ങൾ ആവർത്തിക്കുന്നതിനാലാണ് മുന്നറിയിപ്പെന്ന് ബാങ്ക് ഇൻഫർമേഷൻ ആൻഡ് അവെയർനസ് കമ്മിറ്റി സെക്രട്ടറി തലത് സാക്കി ഹാഫിസ് പറഞ്ഞു. ഇത്തരം തട്ടിപ്പിനു പിടിക്കപ്പെട്ടാൽ രണ്ട് ദശലക്ഷം റിയാൽ പിഴയോ മൂന്ന് വർഷം തടവോ ആണ് ശിക്ഷ. 

പൊതു വൈഫൈ ഹോട് സ്പോട്ടുകൾ വഴി ബാങ്ക് ഓൺലൈൻ ഇടപാടുകൾ നടത്തരുതെന്നും ബാങ്കിടപാടുകൾ നടത്തുന്ന ഫോണിലെ വ്യക്തിഗത ഇൻറർനെറ്റ് ഡാറ്റകൾ മറ്റുള്ളവർക്ക് പങ്ക് വെക്കരുതെന്നും സൗദി  ടെലികോം  സേവന ദാതാക്കളായ എസ്.ടി.സിയും മുന്നറിയിപ്പ് നൽകി.

MORE IN GULF
SHOW MORE
Loading...
Loading...