പച്ചരികൊണ്ട് കഞ്ഞി; മുളകുപൊടി കലക്കി കുടിച്ചു; കുവൈത്തില്‍ മലയാളിക്ക് പട്ടിണി: വിഡിയോ

shaji-kuwait
SHARE

ജോലിയും ജീവിതമാർഗവും തേടിയാണ് ഭൂരിഭാഗം പേരും ഗൾഫിലേക്ക് കടക്കുന്നത്. ചിലർക്ക് ഗൾഫ് ഭാഗ്യം നൽകുമ്പോൾ ചിലർ നിർഭാഗ്യങ്ങളുടെ മണലരാണ്യത്തിൽ അകപ്പെട്ട് പോകാറുണ്ട്. ജോലി തേടി കുവൈത്തിലേക്ക് പോയ തിരുവനന്തപുരം സ്വദേശി ഷാജി എന്ന യുവാവിന്റെ ദുരിതകഥ സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്. ശമ്പളം ലഭിക്കാതെ കടുത്ത പട്ടിണിയിലാണ് കഴിയുന്നതെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അപേക്ഷിച്ചുകൊണ്ടാണ് വിഡിയോ. വിഡിയോയിലെ വാക്കുകൾ:

കുവൈത്തിൽ എത്തിയിട്ട് മൂന്ന് വർഷമായി. ആദ്യത്തെ ഒരു വർഷം ശമ്പളം 12000 രൂപയായിരുന്നു. ഭക്ഷണമായി നൽകിയത് നാലുതക്കാളിക്കയും രണ്ട് സവാളയും പച്ചമുളകുമാണ്. വീട്ടുകാര് വിളിക്കുമ്പോൾ ബിരിയാണി കഴിച്ചു, ചോറ് കഴിച്ചു എന്നൊക്കെ പറയും. അവർക്ക് വിഷമമാകേണ്ടെന്ന് കരുതി. ഒന്നര രണ്ട് വർഷത്തോളം പിടിച്ചു നിന്നു. അമ്പതിനായിരം രൂപയോളം ചിലവാക്കിയാണ് ഞാനിവിടെ എത്തിയത്. ഒന്നര വർഷം കഴിഞ്ഞപ്പോൾ അവർ ശമ്പളം കൂട്ടി. എന്നാൽ ഒരു മാസത്തെ ശമ്പളം അഞ്ചോ ആറോ മാസങ്ങൾ കൂടുമ്പോഴാണ് തരുന്നത്. വീട്ടിൽ പോകണമെന്ന് പറ‍ഞ്ഞശേഷം ഏഴുമാസമായി ശമ്പളം തന്നിട്ടില്ല. 

പത്തിരുപത് ആടുകളുണ്ടായിരുന്നു. അതിൽ കുറച്ചെണ്ണം ചത്തുപോയി. എന്റെ അറബിയുടെ ബന്ധുക്കൾ എന്നെ വന്നു കണ്ടിട്ട് വീട്ടിൽ വിടാനുള്ള കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞു. എന്നാൽ പിന്നീട് അവരെ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല. മിക്കവാറും ഭക്ഷണമൊന്നും കാണില്ല. ഒരു കുപ്പിയിൽ എടുത്തുകൊണ്ടുവരുന്ന വെള്ളം കൊണ്ടാണ് പല്ലുതേപ്പും കുളിയുമെല്ലാം. ആ കുപ്പി വെള്ളം തന്നെയാണ് കുടിക്കുന്നത്. ആരോടെങ്കിലും യാചിച്ചാൽ ഒന്നോ രണ്ടോ കുബൂസ് തരും. അതും കിട്ടാത്ത ദിവസങ്ങളുണ്ട്. കഴിഞ്ഞാഴ്ച്ച ഒരാൾ കുറച്ച് പച്ചരിയും മുളകുപൊടിയും. വിശപ്പുകാരണം പച്ചരികൊണ്ട് കഞ്ഞിയുണ്ടാക്കി മുളകുപൊടിയും കലക്കി കുടിച്ചു. ഒന്നു രണ്ട് ദിവസം കുഴപ്പമില്ലായിരുന്നു. എന്നാൽ മൂന്നാമത്തെ ദിവസം മുതൽ വയറിന് പ്രശ്നമായി. സഹിക്കാവുന്നിടത്തോളം സഹിച്ചു, ഇനി വയ്യ. എന്നെ സഹായിക്കണം- ഷാജി പറയുന്നു.

MORE IN GULF
SHOW MORE
Loading...
Loading...