കുടുംബം നോക്കാൻ സൗദിയിലെത്തി; കളിക്കളത്തിൽ കുഴഞ്ഞുവീണ് മരണം; കണ്ണീർ

sadiq-death
SHARE

കഴിഞ്ഞ വ്യാഴാഴ്ച്ച അല്‍ ഖോബാറിലെ തുഖ്ബയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞു മടങ്ങാന്‍ നിൽക്കവെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ് മരിച്ച മലയാളി യുവാവിന് കണ്ണീരോടെ പ്രവാസികൾ വിടചൊല്ലി. മലപ്പുറം നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖാണ് മരിച്ചത്.അൽ ഖോബാർ ഇസ്‌കാനിലെ കിങ്‌ ഫഹദ് മസ്‌ജിദിൽ നടന്ന ജനാസ നിസ്കാരത്തിലും ശേഷം തുഖ്‌ബ ഖബർസ്ഥാനിൽ നടന്ന ചടങ്ങിലും ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ (ഡിഫ) ഭാരവാഹികളും വിവിധ ക്ലബ് മാനേജ്‌മെന്റ് പ്രതിനിധികളും കളിക്കാരും ഒപ്പം ദമാമിലെ സാമൂഹിക സാംസ്കാരിക -കായിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു. 

കിങ്‌ ഫഹദ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മ്യതദേഹം ഇശാ നമസ്ക്കാരത്തിന് മുമ്പായി ഇസ്ക്കാൻ പള്ളിയിലെത്തിച്ചു. നിർധന കുടുബത്തിന് ആശ്വാസമായി എട്ട് വർഷം മുമ്പാണ് സാദിഖ്‌ സൗദിയിലെത്തിയത്. നീലേങ്കോടന്‍ കുഞ്ഞിമുഹമ്മദിന്റെയും ജമീലയുടേയും മകനായ സാദിഖ് അവിവാഹിതനാണ്. ഖോബാറിലെ പ്രമുഖ ക്ലബ്ബായ ഫോർസ എഫ് സിയുടെ പ്രതിരോധ നിരയിലെ പ്രമുഖ കളിക്കാരനായിരുന്ന സാദിഖിന്റ വിയോഗം ഇപ്പോഴും ക്ലബ് അംഗങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. ആറുമാസം മുമ്പാണ് ക്ലബ്ബിലെത്തുന്നത്. പതിവ് പോലെ വാരാന്ത്യങ്ങളിലെ പ്രാക്ടീസ് കഴിഞ്ഞ് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. 

കുറഞ്ഞ കാലം കൊണ്ട് സഹപ്രവർത്തകരുടെ പ്രീതിയും സ്നേഹവും സാദിഖ് നേടിയെടുത്തിരുന്നുവെന്ന് ക്ലബ് ഭാരവാഹികളായ ജാബിർ ഷൗക്കത്തും ഫതീനും പറഞ്ഞു. സാദിഖിനെ അനുസ്മരിച്ച് ഡിഫ ഇന്ന് ദമാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ അനുശോചന ചടങ്ങ്‌ സംഘടിപ്പിക്കുമെന്ന് ഡിഫ ആക്ടിംഗ് പ്രസിഡന്റ്‌ മൻസൂർ മങ്കടയും ജനറൽ സെക്രട്ടറി ലിയാക്കത്തും പറഞ്ഞു. പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ നാസ് വക്കമാണ് നിയമ നടപടികൾക്ക്‌ നേതൃത്വം നൽകിയത്‌. ജാഫർ കൊണ്ടോട്ടിയും സഹായത്തിനുണ്ടായി. 

MORE IN GULF
SHOW MORE
Loading...
Loading...