വഴിയിൽ കുടുങ്ങി കുടുംബം; സഹായവുമായി ദുബായ് പൊലീസ്; ഉദ്യോഗസ്ഥർക്ക് ആദരം

gulf-news-dubai-police
SHARE

വാഹനം പാതി വഴിയിൽ കുടുങ്ങി പ്രതിസന്ധിയിലായ ഒമാനി കുടുംബത്തിന് തക്കസമയത്ത് തുണയായ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരം. അലി മുഹമ്മദ് അലി അൽ ജസായി, മുഹമ്മദ് സെയ്ദ് നാസർ, അബ്ദുല്‍ ലത്തീഫ് ഹമീദ് അൽ നദബി, അബ്ദുൽ വാഹിദ് അബ്ദുൽ സമദ് എന്നീ ഉദ്യോഗസ്ഥരെയാണ് ദുബായ് പൊലീസ് ആദരിച്ചത്. 

യുഎഇ സന്ദർശനത്തിനെത്തിയ ജമാൽ ബിൻ സുലൈമാൻ അൽ കംസഖിയും കുടുംബവും ഒമാനിലേയ്ക്ക് മടങ്ങുമ്പോൾ ദുബായ് എയർപോർട് റോഡിൽ ഇവർ സഞ്ചരിച്ച വാഹനത്തിന്‍റെ ടയർ പഞ്ചറാവുകയായിരുന്നു. ശക്തമായ ചൂടിൽ വിയർത്തൊലിച്ച് നിന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന 13 അംഗ സംഘത്തിനരികിലേയ്ക്ക് ഉടൻ എത്തിയ പൊലീസ് പെട്ടെന്ന് തന്നെ ജനറൽ ഡയറക്ടറേറ്റ് ഒാഫ് ഒാപറേഷനിലെ കമാന്‍ഡ് ആൻഡ് കൺട്രോൾ സെന്ററിലേയ്ക്ക് വിവരമറിയിക്കുകയും അടിയന്തര സഹായം ലഭ്യമാക്കുകയും ചെയ്തു. 

കുടുംബത്തെ പൊലീസ് വാഹനങ്ങളിൽ സുരക്ഷിതമായി മറ്റൊരിടത്തേയ്ക്ക് മാറ്റുകയും പിന്നീട് സന്തോഷത്തോടെ തിരിച്ചുപോകാനുള്ള സാഹചര്യമൊരുക്കുകയും ചെയ്തു. ഇതേ തുടർന്ന് ജമാൽ ബിൻ സുലൈമാൻ അൽ കംസഖി സമൂഹ മാധ്യമത്തിൽ പൊലീസുകാർക്ക് നന്ദി അറിയിച്ച് പോസ്റ്റിട്ടതാണ് ആദരത്തിലേയ്ക്ക് നയിച്ചത്. ദുബായ് പൊലീസിന്റെ മാനുഷിക പരിഗണനയും കാര്യങ്ങൾ നയപരമായി കൈകാര്യം ചെയ്തതിലെ മികവിനെയും പോസ്റ്റിൽ പ്രശംസിച്ചു. 

അനുമോദന ചടങ്ങിന് ദുബായ് പൊലീസ് കമാന്‍ഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പൊലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദന സർടിഫിക്കറ്റ് കൈമാറി. അസി.കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് സെയ്ഫ് അൽ സഫിൻ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അസി.കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, പോർട്സ് അഫയേഴ്സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമദ് മുഹമ്മദ് ബിൻ താനി, മറ്റു ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...