മുരളീധരനോട് ട്വിറ്ററിലൂടെ സഹായം ചോദിച്ചു; നടപടി; പ്രവാസിക്ക് ജീവിതം തിരികെ

minister-tweet-help
SHARE

തുടക്കം മുതൽ ഒാരോ ദിനവും വാര്‍ത്തകളിലുണ്ട് രണ്ടാം മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യം. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലുകള്‍ പ്രവാസലോകത്ത് പ്രകടം.  ദുബായിൽ തൊഴിൽരഹിതനായ മലയാളി യുവാവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് മുരളീധരന്റെ ഒരു ട്വീറ്റാണ്. കഴിഞ്ഞ ആറുമാസമായി ദുബായിൽ കുടുങ്ങി കഷ്ടത അനുഭവിക്കുന്ന പി.ജി.രാജേഷ് എന്ന യുവാവ് ട്വിറ്ററിൽ കുറിപ്പിട്ടതോടെയാണ് ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുന്നത്.

ജുമൈറയിലെ ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു തൃശ്ശൂർ സ്വദേശി രാജേഷ്. എന്നാൽ പിന്നീട് കമ്പനിയുടെ ഉടമസ്ഥാവകാശം മാറിയതോടെ ജീവിതം പ്രതിസന്ധിയിലായി. കുടിശ്ശിക വന്ന ശമ്പളം നല്‍കാൻ തയ്യാറാകാത്ത കമ്പനി അധികൃതർ പാസ്പോർട്ട് പിടിച്ചു വയ്ക്കുകയും ചെയ്തു. ഇതോടെ ജീവതം തന്നെ വഴുമുട്ടിയ രാജേഷ് സഹായം ചോദിച്ച് ട്വിറ്ററിൽ കുറിപ്പിട്ടു.

'കഴിഞ്ഞ ആറു മാസമായി ദുബായിൽ ശമ്പളമില്ലാതെ കഷ്ടപ്പെടുകയാണ്. നാല് മാസമായി മുറിയിൽ വൈദ്യുതി പോലുമില്ല. എന്റെ കയ്യിൽ‌ പാസ്പോർട്ടില്ല. എനിക്ക് ഇന്ത്യയിലേക്ക് മടങ്ങണം. ആരെങ്കിലും സഹായിക്കണം. ഇൗ ട്വീറ്റിനോട് ആരെങ്കിലും ഒന്നു പ്രതികരിക്കണേ.. അപേക്ഷയാണ്..’ ഫോൺ നമ്പറും പങ്കുവച്ച് രാജേഷ് കുറിച്ചു. എന്നാൽ ഇൗ ട്വീറ്റിന് ആരും മറുപടിയോ സഹായമോ നൽകിയില്ല. പിന്നീടാണ് വി.മുരളീധരന്റെ ഒരു ട്വിറ്റര്‍ സന്ദേശത്തിന്റെ മറുപടിയായി തന്റെ ട്വീറ്റ് രാജേഷ് റീട്വീറ്റ് ചെയ്തത്.

വിദേശത്ത് മരിച്ച വർക്കല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്തണമെന്ന് അധികൃതർക്ക് നിർദേശം നൽകിക്കൊണ്ടുള്ള മുരളീധരന്റെ പോസ്റ്റിന്റെ താഴെ രാജേഷ് ട്വീറ്റ് ചെയ്തു. ഇത് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് ജീവിതം തന്നെ അദ്ദേഹത്തിന് തിരിച്ചുകിട്ടിയത്. രാജേഷിന്റെ പ്രശ്നത്തിൽ ഇടപെട്ട മുരളീധരൻ അദ്ദേഹത്തിന്  അടിയന്തിര സഹായം നൽകാൻ ട്വിറ്ററിലൂടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനും ഇന്ത്യൻ എംബസിക്കും നിർദേശം നൽകി. ഇതിന്  പിന്നാലെ പത്തോളം ജോലി വാഗ്ദാനങ്ങളാണ് രാജേഷിനെ തേടിയെത്തിയത്.

MORE IN GULF
SHOW MORE
Loading...
Loading...