അജ്മാനിലെ മരുഭൂമിയിൽ മരിച്ച് കിടന്നത് മലയാളി; ദൂരൂഹതകൾ ബാക്കി

gulf-web
SHARE

ഇൗ മാസം ഒൻപതിന് അജ്മാൻ അൽ തല്ലഹ്‌ മരുഭൂമിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവ് ഒന്നര മാസം മുൻപ് കാണാതായ കണ്ണൂർ തലശ്ശേരി സിപി റോഡ്‌ സ്വദേശി റാഷിദ്‌ (33) ആണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഷാർജ മസ്ജിദ്‌ സഹാബ ഖബർ സ്ഥാനിൽ വ്യാഴാഴ്ച കബറടക്കിയെങ്കിലും മരണകാരണം പൊലീസ് അന്വേഷിക്കുകയാണ്.

ഷാർജ വ്യവസായ മേഖലയായ സജയില്‍ നാട്ടുകാരന്റെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്ന റാഷിദിനെ ഒന്നര മാസം മുൻപാണ് കാണാതായത്. തുടർന്ന് കടയുടമയും സഹോദരനും ചേർന്ന് പൊലീസില്‍ പരാതി നൽകുകയും അന്വേഷണം നടത്തിവരികയുമായിരുന്നു. ഇൗ മാസം ഒൻപതിന് അൽ തല്ല മരുഭൂമിയിൽ ഒരു മരത്തിനടുത്ത് മൃതദേഹം കണ്ടെത്തിയതായി പൊലീസ് കടയുടമയെയും സഹോദരനെയും അറിയിച്ചു. ഇദ്ദേഹത്തിന്റെ കീശയിലുണ്ടായിരുന്നത് സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരനായ നൗഫലിന്റെ എമിറേറ്റ്സ് ഐഡി ആയതിനാൽ, അയാൾ മരിച്ചു എന്നാണ് പൊലീസ് അറിയിച്ചത്. 

എന്നാൽ, കാണാതാകുന്നതിന് തലേ ദിവസമായിരുന്നു റാഷിദിന് എമിറേറ്റ്സ് ഐഡി ലഭിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹത്തെ കളിപ്പിക്കാൻ വേണ്ടി മറ്റു ജീവനക്കാർ റാഷിദിന്റെ പോക്കറ്റിൽ അയാളറിയാതെ നൗഫലിന്റെ എമിറേറ്റ്സ് ഐഡി ഇടുകയായിരുന്നുവെന്നാണ് പറയുന്നത്. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും നൗഫലിനെ ഹാജരാക്കുകയും ചെയ്തു. ഇതേ തുടർന്ന് മൃതദേഹം തിരിച്ചറിയാൻ സഹോദരനെയും സാമൂഹിക പ്രവർത്തകനും നാട്ടകാരനുമായ ഫസലിനെയും അനുവദിച്ചു. ശരീരം വെയിലേറ്റ് കറുത്ത് ചുളുങ്ങിപ്പോയ നിലയിലായതിനാൽ മൃതദേഹം തിരിച്ചറിയാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നതായി ഫസൽ പറഞ്ഞു.

കാണാതായി ഒന്നര മാസത്തിന് ശേഷമാണ് റാഷിദിന്റെ മൃതദേഹം മരുഭൂമിയിൽ കണ്ടെത്തുന്നത്. ഇത്രയും കാലം ഇദ്ദേഹം എവിടെയായിരുന്നു എന്ന ചോദ്യം അപ്പോഴും നിലനിൽക്കുന്നു. കാണാതായ ദിവസവും പതിവുപോലെ രാവിലെ ഒൻപതിന് സൂപ്പർ മാർക്കറ്റിൽ ജോലിക്കെത്തിയ റാഷിദ് 11 മണിയോടെ പുറത്തേയ്ക്ക് പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. അവിവാഹിതനായ റാഷിദിന് ബന്ധുക്കൾ നാട്ടിൽ വിവാഹ ആലോചനകൾ നടത്തുന്നുണ്ടായിരുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായ ഇദ്ദേഹത്തിന് വലിയ സൗഹൃദ വലയവുമുണ്ടായിരുന്നില്ല. സഹോദരൻ ദാവൂദ്‌ അജ്മാനിൽ ജോലി ചെയ്യുന്നു. റാഷിദിന് പ്രത്യേകിച്ച് പ്രശ്നങ്ങളോ പ്രയാസങ്ങളോ ഇല്ലായിരുന്നുവെന്ന് ദാവൂദ് പറയുന്നു. 

മരുഭൂമിയിൽ വഴി തെറ്റി അകപ്പെട്ടുപോയതായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്ന ഒരു ശബ്ദ സന്ദേശം കുറച്ചുനാൾ മുൻപ് വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിച്ചിരുന്നു. എമിറേറ്റ്സ് ഐഡി ലഭിച്ചതിന് റാഷിദ് സൂപ്പർമാർക്കറ്റിലെ ജീവനക്കാർക്ക് ചെറിയൊരു പാർടി നൽകിയിരുന്നുവെന്നും അതേ തുടർന്നാണ് നൗഫലിന്റെ തിരിച്ചറിയൽ കാർഡ് നൽകിയതെന്നും അതിൽ വ്യക്തമാക്കുന്നു. റാഷിദിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് സഹപ്രവർത്തകരും ബന്ധുക്കളും മോചിതരായിട്ടില്ല. മരണകാരണം കണ്ടെത്തുന്നതിന്  അന്വേഷണം തുടരുമെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...