ദുബായ് ബസ് അപകടം; മരിച്ചവരുടെ ആശ്രിതർക്ക് 6.4 കോടി; ഡ്രൈവറുടെ വൻവീഴ്ച

dubai-bus-accident-pic
SHARE

പെരുന്നാളിന്റെ സന്തോഷത്തിനിടയിലാണ് ആ വലിയ അപകടത്തിന്റെ വാർത്തയെത്തുന്നത്. ഏഴു മലയാളികളടക്കം 17 പേരുടെ ജീവനെടുത്ത വലിയ അപകടത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രവാസലോകത്തെ തന്നെ നടുക്കിയ അപകടത്തിന്റെ കാരണം ഡ്രൈവറുടെ പിഴവാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. മണിക്കൂറിൽ 94 കിലോമീറ്റർ വേഗത്തിൽ ബസ് ഒാടിക്കുകയും സൂചനാ ബോർഡ് പിന്തുടരാതിരിക്കുകയും ചെയ്തു. ഡ്രൈവർ ഏഴ് വർഷം തടവു അനുഭവിക്കുകയും മരിച്ചവരുടെ ആശ്രിതർക്ക് 34 ലക്ഷം ദിർഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം (ബ്ലഡ് മണി) നൽകുകയും വേണമെന്ന് പ്രോസിക്യൂട്ടർ സലാഹ് ബു ഫറൂഷ അൽ പെലാസി ആവശ്യപ്പെട്ടു. 

ട്രാഫിക് കോടതിയിൽ ഡ്രൈവറുടെ വിചാരണ നടന്നുവരികയായിരുന്നു.ജൂൺ ആറിന് ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിച്ചായിരുന്നു അപകടം. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒമാൻ സ്വദേശിയും 53കാരനുമായ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ട്രാഫിക് കോടതിയിൽ ഹാജരാക്കി. ബസുകൾ പ്രവേശിക്കാൻ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകൾ ഭാഗം ഇരുമ്പു കൊണ്ട് നിർമിച്ച ട്രാഫിക് ബോർഡിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം. ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാരും രണ്ടു പാക്കിസ്ഥാനികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമാണ് മരിച്ചത്. ഡ്രൈവർക്കും പരുക്കേറ്റിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...