യുഎസ് മരുഭൂമിയിലെ കൊടും ചൂടിൽ ഇന്ത്യൻ ബാലികയ്ക്ക് ദാരുണ മരണം

us-mexico-border
SHARE

യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ അമ്മയ്ക്കൊപ്പം പുറപ്പെട്ട 6 വയസ്സുള്ള ഇന്ത്യൻ ബാലികയ്ക്കു മരുഭൂമിയിലെ കൊടുംചൂടിൽ ദാരുണാന്ത്യം. ഏഴാം ജന്മദിനത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണു ഗുരുപ്രീത് കൗർ എന്ന ബാലിക നിർജലീകരണം മൂലം മെക്സിക്കോ അതിർത്തിയോടു ചേർന്നുള്ള വിജനമായ യുഎസ് മരുപ്രദേശത്തു തളർന്നു വീണു മരിച്ചത്.

അരിസോന സംസ്ഥാനത്തിലുള്ള ലൂക്‌വിൽ പട്ടണത്തിൽനിന്ന് 27 കിലോമീറ്റർ അകലെയുള്ള മരുഭൂമിയിൽ മനുഷ്യക്കടത്തുകാർ കുടിയേറ്റ സംഘങ്ങളെ എത്തിച്ചു കടന്നു കളയുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഇന്ത്യയിൽനിന്നുള്ള അഞ്ചംഗ സംഘത്തിലെ 2 കുട്ടികളിലൊരാളായിരുന്നു ഗുർപ്രീത്. താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന നേരത്തു മരുഭൂമി കുറുകെ കടന്നു യുഎസ് പട്ടണത്തിലെത്താനായിരുന്നു സംഘത്തിന്റെ ശ്രമം.

നടന്നു തളർന്നപ്പോൾ ഗുരുപ്രീതിനെ അവളുടെ അമ്മയും മറ്റൊരു സ്ത്രീയും സംഘത്തിലെ മൂന്നാമത്തെ മുതിർന്ന സ്ത്രീയുടെയും അവരുടെ കുട്ടിയുടെയും അടുത്താക്കി വെള്ളം അന്വേഷിച്ചു പുറപ്പെട്ടു. വിജനമായ മരുപ്രദേശത്ത് വഴിതെറ്റിയലഞ്ഞ അവർ അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിപ്പെട്ടു. സംഭവങ്ങൾ വിശദീകരിച്ചതോടെ ഹെലികോപ്റ്ററിൽ പൊലീസ് നടത്തിയ തിരച്ചിലിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും മറ്റൊരു കുട്ടിയും അതിർത്തിയിലേക്കു തിരിച്ചുനടന്നു മെക്സിക്കോയിലേക്കു പോയതിന്റെ കാൽപാടുകൾ മണലിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...