എണ്ണകപ്പലുകളെ ആക്രമിച്ചത് ഒരു രാജ്യമെന്ന് റിപ്പോർട്ട്; ഇറാനാണെന്ന ആരോപണം ശക്തം

Fujairah-oiltanker
SHARE

ഫുജൈറ തീരത്ത് എണ്ണകപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ, ഒരു രാജ്യമാണെന്ന ആരോപണത്തോടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സൗദി, യു.എ.ഇ, നോർവേ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ അന്വേഷണത്തിൻറെ റിപ്പോർട്ട് യു.എൻ രക്ഷാസമിതിക്ക് കൈമാറി. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന ആരോപണം തുടരുന്ന പശ്ചാത്തലത്തിലാണ് പേരെടുത്തു പറയാതെയുള്ള റിപ്പോർട്ട്.  

കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് ഫുജൈറ തീരത്തു സൗദി, യു.എ.ഇ, നോർവേ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്കു നേരേ ആക്രമണമുണ്ടായത്. തുടർന്ന് മൂന്നു രാജ്യങ്ങളും സംയുക്ത അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിൻറെ പ്രാഥമിക റിപ്പോർട്ടാണ് യുഎൻ രക്ഷാസമിതിക്കു കൈമാറിയത്. ഇറാനാണ് ആക്രമണത്തിനു പിന്നിലെന്നു യുഎസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഇറാൻറെ പേരെടുത്തു വിമർശിക്കാതെയാണ് മൂന്നു രാജ്യങ്ങളുടെ റിപ്പോർട്ട്. ആസൂത്രിതവും സങ്കീർണവുമായിരുന്നു ആക്രമണമെന്നും വലിയ ശേഷിയുള്ള ഒരു രാജ്യമാണ് ഇതു നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യാന്തര ചരക്കു ഗതാഗതത്തിനും ഊർജ സുരക്ഷയ്ക്കും ലോകസമാധാനത്തിനും ഇത്തരം ആക്രമണങ്ങൾ ഭീഷണിയാണ്. ആക്രമണവുമായി ബന്ധപ്പെട്ടു യുഎഇ നൽകിയ തെളിവുകൾ രക്ഷാസമിതി പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. സമുദ്രമൈനുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നു പരിശോധനയിലൂടെ വ്യക്തമായിട്ടുണ്ട്. സ്പീഡ് ബോട്ടിൽ എത്തിയ മുങ്ങൽ വിദഗ്ദരാണ് ഇതു കപ്പലിൽ സ്ഥാപിച്ചത്. കപ്പൽ സഞ്ചാരത്തിനു പ്രതിബന്ധം സൃഷ്ടിക്കുക വഴി മുന്നറിയിപ്പു നൽകുകയായിരുന്നു ലക്ഷ്യമെന്നു കരുതുന്നതായും വിശദമായ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആക്രമണത്തിൻറെ ഉത്തരവാദികൾ ഇറാനാണെന്നു യുഎന്നിലെ സൌദി അംബാസിഡർ അബ്ദുല്ല അൽ മൌലമ്മി നേരത്തെ ആരോപിച്ചിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...