'ചുറ്റും ചോര; ചിതറിയ ശരീരങ്ങൾ'; ഞെട്ടല്‍ വിട്ടുമാറാതെ ദുബായില്‍ രക്ഷപ്പെട്ട മലയാളികള്‍

accident56
SHARE

എട്ട് മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബായിലെ ബസ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും ദുരന്തം നേരിൽ കണ്ടത്തിന്റെ ഞെട്ടലിലുമാണ് മലയാളികൾ ഉൾപ്പെടെയുള്ള ദൃക്സാക്ഷികൾ. വ്യാഴാഴ്ച 31 യാത്രക്കാരുമായി ഒമാൻ തലസ്ഥാനമായ മസ്കത്തിൽ നിന്നും ദുബായിലേക്ക് വന്ന ബസാണ് അൽ റാഷിദിയ മെട്രോ സ്റ്റേഷന് സമീപം അപകടത്തിൽപ്പെട്ടത്. പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിലേക്ക് പോയവരും ദുബായിലേക്ക് വന്നവരുമാണ് ബസ്സിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും. 

അപകടത്തിൽ മുഖത്ത് ചെറിയ പരുക്കുകളുമായി രക്ഷപ്പെട്ട മലയാളിയാണ് നിധിൻ ലാജി എന്ന 29കാരൻ. ‘ചുറ്റിലും രക്തമായിരുന്നു. ബസ്സിന്റെ ഇടത് ഭാഗത്തിരുന്നവരാണ് മരിച്ചവരിൽ കൂടുതലും. എല്ലാവരും ഉറക്കെ നിലവിളിച്ചു. സീറ്റിലും ബസ്സിലും എല്ലാം ആളുകളുടെ രക്തവും ശരീരഭാഗങ്ങളും ആയിരുന്നു. ചില്ലും ഇരുമ്പു ഭാഗങ്ങളും ആളുകളുടെ ദേഹത്ത് പതിച്ചു’– നിധിൻ പറഞ്ഞു. ബസ്സിൽ വലതു ഭാഗത്തായിരുന്നു നിധിൻ ഇരുന്നത്. മെട്രോ സ്റ്റേഷന് സമീപം ഇറങ്ങാൻ തയാറെടുക്കുകയായിരുന്നു ഇദ്ദേഹം. പെട്ടെന്നാണ് ആളുകൾ ഉറക്കെ നിലവിളിച്ചത്. അപ്പോഴേക്കും അപകടം സംഭവിച്ചു. ബസ്സിന്റെ ഒരു വാതിലിലൂടെ പുറത്തുകടക്കാൻ ശ്രമിച്ചു. ഉടൻ തന്നെ ആംബുലൻസുകളും പൊലീസും സ്ഥലത്ത് എത്തിയെന്ന് നിധിൻ പറഞ്ഞു. 

രണ്ട് ഡ്രൈവർമാർ ആണ് ബസ്സിൽ ഉണ്ടായിരുന്നതെന്നും നിധിൻ പറഞ്ഞു. അപകടത്തിനുശേഷം ആളുകൾ പരസ്പരം സഹായിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ആശ്വസിപ്പിക്കുകയും രക്ഷപ്പെടുത്താനുള്ള നടപടികൾ ചെയ്യുകയും ചെയ്തു. ഉറക്കെ നിലവിളിച്ചിരുന്ന ഒരു സ്ത്രീയെ താനും സഹായിച്ചെന്ന് നിധിൻ ഓർത്തു. അവർക്ക് അപകടത്തിൽ പരുക്ക് പറ്റുകയും ഭർത്താവ് മരിക്കുകയും ചെയ്തിരുന്നു. ഭാഗ്യം കൊണ്ടാണ് താൻ രക്ഷപ്പെട്ടത്. പക്ഷേ, മരണപ്പെട്ടവരെ ഓർത്ത് വളരെ ദുഃഖമുണ്ടെന്നും നിധിൻ പറഞ്ഞു.

അപകടത്തിൽ അടുത്ത സുഹൃത്തിനെ നഷ്ടമായ വേദനയിലാണ് അനൂപ് എന്ന മലയാളി. കിരൺ ജോണി (26) എന്ന തൃശൂർ സ്വദേശിയാണ് അപകടത്തിൽ മരിച്ചത്. മെക്കാനിക്കൽ എൻജിനിയർ ആയ കിരൺ എട്ടു മാസം മുൻപാണ് ആദ്യ ജോലിയുമായി യുഎഇയിൽ എത്തിയതെന്ന് അനൂപ് പറയുന്നു. കിരണിന്റെ മൂത്ത സഹോദരൻ ദുബായിൽ തന്നെയുണ്ട്. പക്ഷേ, പൊലീസ് സ്റ്റേഷനിൽ വരാനും കാര്യങ്ങൾ ചെയ്യാനും പറ്റിയ ഒരു മാനസീകാവസ്ഥയിൽ അല്ല അദ്ദേഹമെന്നും അനൂപ് പറയുന്നു. ദുബായിൽ താമസിക്കുന്ന കിരൺ, പെരുന്നാൾ അവധിയ്ക്ക് ഒമാനിലുള്ള സുഹൃത്തിനെ കാണാൻ പോയതാണ്.  <br />

അപകടത്തിൽ മനീഷയ്ക്ക് ഭർത്താവ് വിക്രം താക്കൂറിനെയും ബന്ധു റോഷ്നിയെയുമാണ് നഷ്ടമായത്. അദ്ഭുതകരമായാണ് മനീഷ രക്ഷപ്പെട്ടത്. ഇവർക്കൊപ്പം പോകേണ്ടിയിരുന്ന മനീഷ ഓഫീസിലെ ജോലിത്തിരക്ക് കാരണം യാത്ര ഉപേക്ഷിക്കുകയായിരുന്നു. ‘ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഉച്ചയ്ക്ക് ശേഷം ഞാൻ ഭർത്താവിനോട് ഫോണിൽ സംസാരിച്ചതാണ്. അദ്ദേഹം തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പറഞ്ഞത്. അപകടത്തെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. റോഷ്നിയുടെ സഹോദരൻ വിളിക്കുമ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ വിളിച്ച് അന്വേഷിച്ചു. എന്റെ ഭർത്താവ് ജീവിച്ചിരിപ്പില്ല എന്ന മറുപടിയാണ് ലഭിച്ചത്’–മനീഷ പറഞ്ഞു. 

അപകടത്തിൽ 15 പേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചുവെന്ന് ദുബായ് പൊലീസ് അറിയിച്ചു. പരുക്ക് പറ്റിയ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേർ അവിടെ വച്ചാണ് മരിച്ചത്. ആറു പേർക്ക് പരുക്കിന് ചികിൽസ നൽകി. ഒരാൾക്ക് ഗുരുതര പരുക്കാണ്. എട്ടു പേരെ ചികിൽസ നൽകിയ ശേഷം വിട്ടയച്ചു. ഡ്രൈവർ അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്നും ബസ്സിന്റെ ഇടത് വശത്തിരുന്നവരാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. പരുക്കേറ്റ ഒമാൻ സ്വദേശിയായ ഡ്രൈവർ ആശുപത്രിയിലാണ്. വാഹനം ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖാലിഫ അൽ മറി പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...