റൺവേ നവീകരണം പൂർണം; ദുബായ് വിമാനത്താവളം പൂർണതോതിൽ പ്രവർത്തനം തുടങ്ങി

dubai-airport-new
SHARE

റൺവേ നവീകരണം പൂർത്തിയാക്കി ദുബായ് രാജ്യാന്തര വിമാനത്താവളം വീണ്ടും പൂർണതോതിൽ പ്രവർത്തനം തുടങ്ങി. നാൽപ്പത്തിയഞ്ചു ദിവസമായി ഒരു ടെർമിനൽ അടച്ചിട്ടിരിക്കുകയായിരുന്നു. അതേസമയം, ചെറിയ പെരുന്നാള്‍ അവധി പ്രമാണിച്ച് തിരക്കേറുന്നതിനാല്‍ ഷാര്‍ജ വിമാനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

ഒരു റൺവേമാത്രം ഉപയോഗിച്ചാണ് കഴിഞ്ഞ 45 ദിവസങ്ങളിൽ ദുബായ് രാജ്യാന്തരവിമാനത്താവളം പ്രവർത്തിച്ചിരുന്നത്. അസൗകര്യം ഒഴിവാക്കാൻ അൽ മക്തും വിമാനത്താവളത്തിലേക്കും ഷാർജ രാജ്യാന്തര വിമാനത്താവളത്തിലേക്കും ചില സർവീസുകൾ മാറ്റിയിരുന്നു. നവീകരണം പൂർത്തിയായതോടെ സർവീസുകൾ പഴയപടിയായി തുടങ്ങി. പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍ വലിയ തിരക്കേറുമെന്നതിനാല്‍ യാത്രക്കാര്‍ നേരത്തെ എത്തിച്ചേരണമെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബായ് തുടങ്ങിയ വിമാന കമ്പനികള്‍ നിർദേശം നൽകി. ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ യാത്രക്കാർ നേരത്തേതന്നെ എത്തണമെന്നു ഷാർജ വിമാനത്താവള അധികൃതർ അറിയിച്ചു. രണ്ടരലക്ഷത്തോളം യാത്രക്കാർ ഈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. മലയാളികളടക്കം നിരവധി പ്രവാസികളാണ് കുടുംബത്തോടൊപ്പവും അല്ലാതെയും അവധിക്കാലത്ത് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. തിരക്ക് പരിഗണിച്ച് വിമാനത്താവളങ്ങളിൽ  യാത്രക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

MORE IN GULF
SHOW MORE