സൗദി രാജകുമാരനായി വിലസി കോടികൾ തട്ടി; പന്നി കഴിച്ചതോടെ പിടിയിലായി

fake-saudi-prince
SHARE

സൗദി രാജകുമാരനാണെന്ന വ്യാജേന കോടികൾ തട്ടിയെടുത്ത യുവാവിന് 18 വർഷം തടവ് ശിക്ഷ വിധിച്ചു. സിനിമയെ വെല്ലുന്ന തട്ടിപ്പിന്റെ കഥയാണ് ഈ അറസ്റ്റിലൂടെയും ശിക്ഷാവിധിയിലൂടെയും പുറത്തുവരുന്നത്. രണ്ടുവർഷം മുൻപ് വരെ രാജകീയ ജിവതം നയിക്കുകയായിരുന്നു ആന്റണി ഗിഗ്നാക്ക് എന്ന കൊളബോ സ്വദേശി. മറ്റുള്ളവരുടെ മുന്നിൽ ഇയാൾ സൗദി അറേബ്യയിലെ രാജകുമാരനായ ഖലീദ് അൽ–സൗദ് ആയിരുന്നു.

ആർക്കും സംശയം തോന്നാത്ത രാജകീയ ജീവിതമാണ് ഗിഗ്നാക്ക് നയിച്ചിരുന്നത്. പ്രൈവറ്റ് ജെറ്റും, രാജകീയ ചിഹ്നങ്ങളുള്ള ഫെറാറി കാറും റോളക്സ് വാച്ചും, അംഗരക്ഷകരുമായി നടക്കുന്ന ഗിഗ്നാക്ക് രാജകുടുംബാംഗമല്ലെന്ന് ആർക്കും സംശയം തോന്നില്ലായിരുന്നു. മിയാമി ദ്വീപിൽ കൊട്ടാരസമാനമായ വീട്ടിലായിരുന്നു താമസം. ഇന്റസ്റ്റാഗ്രാം പരിശോധിച്ചാലോ സൗദി രാജാവിന്റെ ഒപ്പം നിൽക്കുന്ന ചിത്രം വരെ കാണാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തനിക്ക് വൻ വ്യവസായങ്ങളുണ്ടെന്നും അതിൽ നിക്ഷേപിക്കാൻ അവസരമുണ്ടെന്നും പറഞ്ഞാണ് മൂന്ന് വർഷത്തോളം ഇയാൾ പലരെയും പറ്റിച്ച് 8 മില്ല്യൺ ഡോളറിലധികം സമ്പാദിച്ചത്.

മിയാമിയിലെ ജഫ്റി സൊഫർ എന്ന കോടീശ്വരനെ സമാനരീതിയിൽ തട്ടിപ്പിനിരയാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ കുടുങ്ങുന്നത്. 2017ൽ ആയിരുന്നു ഇത്. സൊഫറിനെൊപ്പം ബിസിനസ് കാര്യങ്ങൾ സംസാരിക്കാനായി ആഡംബര ഹോട്ടലിലേക്ക് അത്താഴവിരുന്നിന് ഇയാൾ എത്തി. അവിടെവെച്ച് പക്ഷെ ഗിഗ്നാക്ക് ഒരു അബദ്ധം പറ്റി. വിരുന്നിന് ഇയാൾ ആവശ്യപ്പെട്ട് പന്നി കൊണ്ട് ഉണ്ടാക്കുന്ന വിഭവമാണ്. വിശുദ്ധ ഖുറാൻ അനുസരിച്ച് പന്നി നിഷിധമാണ്. 

ഇത് സൊഫറിൽ സംശയമുണർത്തി. സൗദി രാജകുടുംബാംഗം ഒരിക്കലും പന്നി കഴിക്കില്ലെന്ന് സൊഫറിന് അറിയാമായിരുന്നു. സംശയം ബലപ്പെട്ടതോടെ പൊലീസിൽ അറിയിച്ചു. കൂടുതൽ അന്വേഷണത്തിലാണ് ആന്റണി ഗിഗ്നാക്കിന്റെ വൻ തട്ടിപ്പ് ലോകം അറിയുന്നത്.

MORE IN GULF
SHOW MORE