പെരുന്നാൾ: വിമാനത്താവളങ്ങളിൽ വൻ തിരക്ക്, മുന്നറിയിപ്പുമായി എയർ ഇന്ത്യ, എമിറേറ്റ്സ്

airport-rush
SHARE

ദുബായ്: പെരുന്നാൾ അവധി ദിനങ്ങളിൽ വിമാനത്താവളങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുമെന്നതിനാൽ മുന്നറിയിപ്പുമായി എയർ ഇന്ത്യ, എമിറേറ്റ്സ് അടക്കമുള്ള വിമാന കമ്പനികൾ. ജൂൺ 2 മുതൽ 9 വരെ പൊതു മേഖലയ്ക്ക് 7 ദിവസമാണ് അവധി. സ്വകാര്യ മേഖലയ്ക്ക് ജൂൺ 3 മുതൽ മൂന്നാം പെരുന്നാൾ(ശവ്വാൽ 3) വരെയും.

ഇൗ ദിനങ്ങളിൽ മലയാളികളടക്കമുള്ള പ്രവാസികൾ സ്വന്തം നാടുകളിലേയ്ക്ക് പോകാൻ നേരത്തെ തന്നെ ടിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. വിമാനത്താവളങ്ങളിൽ യാത്രക്കാർ നേരത്തെ എത്തണമെന്നാണ് അധികൃതരുടെ പ്രധാന നിർദേശം.

പെരുന്നാളിന് മുന്നോടിയായി ആയിരക്കണക്കിന് യാത്രക്കാരായിരിക്കും യുഎഇയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുക. തങ്ങളുടെ വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണം. ഇന്ന് ആയിരിക്കും ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിൽ ഏറ്റവും തിരക്കുള്ള ദിവസം. 80,000 പേരാണ് ഇൗ ദിവസം യാത്ര ചെയ്യുക. ജൂൺ 3 വരെ തിരക്ക് തുടരും. എമിറേറ്റ്സിൽ ദുബായിൽ നിന്ന് അവധി ദിനങ്ങളിൽ 309,000 പേർ യാത്ര ചെയ്യുന്നുണ്ട്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനടുത്തെ റോഡുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതകളുള്ളതും അധികൃതരുടെ മുന്നറിയിപ്പിന് കാരണമാണ്.

കുറഞ്ഞത് 60 മിനിറ്റ് മുൻപ് ചെക്ക് ഇൻ ചെയ്യണം

വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 60 മിനിറ്റ് മുൻപ് ചെക്ക് ഇൻ ചെയ്യാത്തവരെ യാത്രയ്ക്ക് അനുവദിക്കില്ല. 24 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ബോർഡിങ് ഗേറ്റുകളിൽ കൃത്യ സമയത്ത് ഹാജരാകാൻ യാത്രക്കാർ ശ്രദ്ധിക്കണം. യാത്ര പുറപ്പെടുന്നതിന് 90 മിനിറ്റ് മുൻപ് ഗേറ്റുകൾ തുറക്കും. 45 മിനിറ്റ് മുൻപ് ബോർഡിങ് ആരംഭിക്കുകയും 20 മിനിറ്റ് മുൻപ് ഗേറ്റുകൾ അടയ്ക്കുകയും ചെയ്യും. ഇതിന് ശേഷം യാത്രക്കാരെ കടന്നുപോകാൻ അനുവദിക്കില്ല.

ഒാൺലൈനിലും ചെക്ക് ഇൻ ചെയ്യാം

വിമാനം പുറപ്പെടന്നതിന് 48 മണിക്കൂർ മുതൽ 90 മിനിറ്റ് മുൻപ് വരെ ഒാൺലൈനിൽ ചെക്ക് ഇൻ ചെയ്യാനുള്ള സംവിധാനമുണ്ട്. കാർ പാർക്കിലെ ചെക്ക് ഇൻ സൗകര്യവും പ്രയോജനപ്പെടുത്താം. യാത്രക്കാർക്ക് തങ്ങളുടെ ലഗ്ഗേജുകൾ അവിടെ നൽകാം. ബാഗുകൾ നൽകാനുള്ള കൗണ്ടറുകൾ ആറ് മണിക്കൂർ മുതൽ 90 മിനിറ്റ് മുൻപ് വരെ ഉപയോഗിക്കാം. കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് ചെക്ക് ഇൻ സോൺ 2 ഉപയോപ്പെടുത്താം. ഏപ്രിൽ 16ന് അറ്റകുറ്റപ്പണികൾക്കായി അടച്ച ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ തെക്കൻ റൺവേ അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത്  വീണ്ടും തുറന്നിട്ടുണ്ട്.

MORE IN GULF
SHOW MORE