മഹീനയ്ക്ക് മുന്നില്‍ കുഞ്ഞോളം കുനിഞ്ഞ് ദുബായ് ഭരണാധികാരി; ഹൃദയംതൊട്ട മിടുക്കി; ജീവിതം

dubai-sheikh-muhammed-30
SHARE

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സന്ദർശിക്കാൻ താജികിസ്ഥാനിൽ നിന്നൊരു അതിഥിയെത്തി. ഹൃദയത്തിൽ നാല് ദ്വാരങ്ങളുമായി അപൂർവ്വ അവസ്ഥയുമായാണ് മഹീനയുടെ ജനനം. 

സമപ്രായക്കാരായ കുട്ടികൾക്കൊപ്പം കളിക്കാനും ഓടിനടക്കാനുമൊന്നും ഈ ഒൻപതുവയസ്സുകാരിക്ക് കഴിയില്ലായിരുന്നു. അമ്മയും അച്ഛനും വേർപിരിഞ്ഞ് കഴിയുന്നതിനാൽ ശസ്ത്രക്രിയയും സാധ്യമായിരുന്നില്ല. 

ഒരു വയസിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നു. പക്ഷേ ജീവിത സാഹചര്യങ്ങൾ മൂലം അഞ്ച് വയസ് കഴിയുന്നത് വരെ കാര്യമായ ചികിത്സയൊന്നും അവള്‍ക്ക് ലഭിച്ചില്ല. ഒടുവില്‍ ദുബായ് ഭരണാധികാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് (എം.ബി.ആര്‍.ജി.ഐ) ആണ് അവള്‍ക്ക് സഹായവുമായെത്തി. 

കാര്‍ഡിയാക് സര്‍ജന്‍ ഡോ. ഉബൈദ് അല്‍ ജാസിമിന്റെ നേതൃത്വത്തിലുള്ള സംഘം താജികിസ്ഥാനിലേക്ക് പറന്നു. അഞ്ചര മണിക്കൂർ നീണ്ട ശസ്ത്രക്രിയ. ജികിസ്ഥാനിലെ ഒരു വിദൂര ഗ്രാമത്തിലായിരുന്നു അമ്മയോടൊപ്പം മഹിന കഴിഞ്ഞിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം മഹിനയുടെ സ്ഥിതി മെച്ചപ്പെട്ടതോടെ അവളുടെ മതാപിതാക്കളുടെ ജീവിതത്തിലും പുതിയ പ്രതീക്ഷകള്‍ ജനിച്ചു. അകന്നുകഴിയുകയായിരുന്ന മാതാപിതാക്കള്‍ ഒന്നിച്ചു. ഇപ്പോള്‍ മഹിനക്ക് ഒന്‍പത് വയസായി. പൂര്‍ണ ആരോഗ്യവതിയാണവള്‍. കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് ദുബായില്‍ സംഘടിപ്പിച്ച ഇഫ്താറിലേക്കാണ് അധികൃതര്‍ അവളെ ക്ഷണിച്ചത്.

ഇഫ്താര്‍ വേദിയില്‍ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് സ്റ്റേജില്‍ കയറി മഹിന തന്റെ ജീവിതകഥ പറഞ്ഞു. സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ അവളെ ശൈഖ് മുഹമ്മദ് വാല്‍സല്യപൂര്‍വം ചേര്‍ത്തുപിടിച്ചു. സ്റ്റേജില്‍ നിന്ന് ഇറങ്ങിയ ശേഷവും അദ്ദേഹം അവളുടെ അടുത്തെത്തി. കുഞ്ഞിനോളം കുനിഞ്ഞ് നിന്ന ശൈഖ് മുഹമ്മദിന് സന്തോഷത്തോടെ മഹിന ചുംബനങ്ങള്‍ നല്‍കി. വസ്ത്രത്തില്‍ ധരിച്ചിരുന്ന ബാഡ്ജ് ശൈഖ് മുഹമ്മദ് അവള്‍ക്ക് സമ്മാനിച്ചു.

MORE IN GULF
SHOW MORE