ഉപരോധം തുടരുന്നതിനിടെ, ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഖത്തറിന് ക്ഷണം

qatar4
SHARE

ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരുന്നതിനിടെ, ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഖത്തര്‍ അമീറിന് സൗദി രാജാവിന്‍റെ ക്ഷണം. സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ ക്ഷണം ലഭിച്ചതായി ഖത്തർ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാൻ സ്ഥിരീകരിച്ചു. എന്നാൽ, വ്യാഴാഴ്ച മക്കയിൽ ചേരുന്ന യോഗത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുക്കുമോയെന്നു സ്ഥിരീകരണമില്ല. 

ഗൾഫ് മേഖലയിലെ യുദ്ധഭീതി, ഇറാൻ, അമേരിക്ക സംഘർഷ സാധ്യത, എണ്ണകപ്പലുകൾക്കും വിതരണകേന്ദ്രത്തിനും  നേരെയുണ്ടായ ആക്രമണങ്ങൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് അടിയന്തര ജിസിസി യോഗം മക്കയിൽ ചേരുന്നത്.  ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി മുഖേനയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഖത്തര്‍ അമീറിന് സന്ദേശമയച്ചത്. കഴിഞ്ഞ വര്‍ഷം ഒപെക്കില്‍ നിന്നും ഖത്തര്‍ പിന്മാറിയതിന് പിന്നാലെ നടന്ന ജി.സി.സി ഉച്ചകോടിയിലും ഖത്തര്‍ അമീറിനെ സൗദി രാജാവ് ക്ഷണിച്ചിരുന്നു. എന്നാല്‍ വിദേശകാര്യസഹമന്ത്രിയാണ് അന്നു ഖത്തറിനെ പ്രതിനിധീകരിച്ചത്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നതടക്കം വിവിധ ആരോപണങ്ങൾ ഉന്നയിച്ചാണ് സൌദി, യുഎഇ ഉൾപ്പെടെ നാലു രാജ്യങ്ങൾ 2017 ജൂണിൽ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ, ഉപരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജിസിസിയുടെ അജണ്ടയിലില്ലെന്നാണ് സൂചന. ജിസിസി യോഗത്തിനു പിന്നാലെ വെള്ളിയാഴ്ച മക്കയിൽ ചേരുന്ന ഇസ്ളാമിക രാജ്യങ്ങളുടെ യോഗത്തിൽ ഭീകരത, പലസ്തീൻ, സിറിയ വിഷയം തുടങ്ങിയവ ചർച്ചയാകും.

MORE IN GULF
SHOW MORE