നിപ്പ: കേരളത്തിലെ പഴങ്ങൾക്കേർപ്പെടുത്തിയ വിലക്ക് സൗദി പിൻവലിച്ചു

saudi-nipah-ban-27
SHARE

നിപ്പ ദുരന്തത്തെത്തുടർന്ന് കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്കു ഏർപ്പെടുത്തിയ വിലക്ക് സൗദി പിൻവലിച്ചു. നിപ്പ വൈറസ് കണ്ടെത്തിയതിനെത്തുടർന്നു കഴിഞ്ഞവർഷം ജൂണിലാണ് ഇറക്കുമതിക്കു വിലക്കേർപ്പെടുത്തിയത്. വിലക്കു നീക്കിയത് കേരളത്തിലെ കർഷകർക്കു ആശ്വാസകരമാണ്.

നിപ്പാ വൈറസ് ബാധയെത്തുടർന്നു യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ ജിസിസി രാജ്യങ്ങള്‍ ഏർപ്പെടുത്തിയ വിലക്ക് ഒരു മാസത്തിനു ശേഷം കഴിഞ്ഞ ജൂലൈയിൽ പിൻവലിച്ചിരുന്നു. എന്നാൽ സൌദി മാത്രം വിലക്ക് തുടരുകയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിൻറേയും കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളുടേയും ഇടപെടലിനെത്തുടർന്നാണ് വിലക്ക് നീക്കാൻ സൌദി തീരുമാനിച്ചത്. ഇതോടെ സൌദിയിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ചു. റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിലേക്കാണ് കേരളത്തില്‍ നിന്നു പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുന്നത്. സംസ്ഥാനത്തെ പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ പ്രധാന വിപണികളിലൊന്നാണ് സൗദി. 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമാത്രം ഇരുപതു ടണ്ണോളം പഴം, പച്ചക്കറികളാണ് സൌദിയിലേക്കു കയറ്റുമതി ചെയ്യുന്നത്.  കേരളത്തിലെ ചെറുകിട കർഷകർക്കും വ്യവസായികൾക്കും സൌദിയിലെ പ്രവാസിമലയാളികൾക്കും ആശ്വാസകരമാണ് പുതിയ തീരുമാനം. പെരുന്നാൾ അടുത്തതോടെ ആവശ്യക്കാർ ഏറുമെന്നതിനാൽ മുൻപത്തേതിനേക്കാൾ കയറ്റുമതി വർധിക്കുമെന്നാണ് കേരളത്തിലെ കർഷകരുടെ പ്രതീക്ഷ.

MORE IN GULF
SHOW MORE