ജന്മനാട് കാണാതെ വർഷങ്ങൾ; ആടുകൾക്കൊപ്പം ജീവിതം; പ്രേംനാഥിന്റെ കഥ

premnath-gulf-14
SHARE

ഒൻപത് വർഷത്തിനൊടുവിൽ ജന്മനാട്ടിലേക്ക് മടങ്ങുന്ന തൃശൂർ സ്വദേശി പ്രേംനാഥിന് പറയാനുള്ളത് ആടുജീവിതം പോലൊരു കഥ. 2010ൽ മസ്കത്തിൽ വിമാനമിറങ്ങിയ പ്രേംനാഥ് പിന്നെ സ്വന്തം നാട് കണ്ടിട്ടില്ല. രേഖകളെല്ലാം ഇടക്കാലത്ത് നഷ്ടപ്പെട്ടതും തിരിച്ചടിയായി. 

സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെയാണ് പ്രേംനാഥ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്. വീസക്ക് വലിയ തുക നൽകിയാണ് 2010ൽ പ്രേംനാഥ് മസ്കത്തിലെത്തിയത്. 

പലതവണ ജോലി മാറിയെങ്കിലും ഫലമുണ്ടായി. ജീവിതം ദുസ്സഹമായി തുടരുന്ന സാഹചര്യത്തിലാണ് സ്വദേശികളുടെ ആടുകളെ സംരക്ഷിക്കുന്ന ജോലിക്കായി ബദുക്കളിൽ (പരമ്പരാഗത സ്വദേശി വിഭാഗം) പെട്ട ഒരാൾ കൂട്ടിക്കൊണ്ടുപോയത്. തുടർന്നുള്ള ജീവിതം ആടുകൾക്കും ഒട്ടകങ്ങൾക്കും ഒപ്പമായി. 

ഇടയ്ക്ക് വീട്ടിലേക്ക് വിളിക്കും, പണം അയക്കും. വർഷത്തിൽ വല്ലപ്പോഴുമാണ് മരുഭൂമിയിലെ ജോലി സ്ഥലത്തുനിന്ന് പുറത്തിറങ്ങുന്നത്. അസുഖങ്ങളും പ്രയാസങ്ങളുമെല്ലാം കടിച്ചമർത്തി മരുഭൂമിയിൽ ജീവിച്ചു. മേഖലയിൽ പോലീസ് പരിശോധന ശക്തമാക്കിയതോടെ ബദുക്കൾ പ്രേംനാഥിനെ സിനാവ് പ്രദേശത്ത് കൊണ്ടുചെന്നു വിട്ടു.

കുടിശ്ശികയുണ്ടായിരുന്ന ശമ്പളം നൽകിയതുമില്ല. പ്രവാസം ആരംഭിക്കുന്നതിന് മുൻപുണ്ടായ കുടുംബ വഴക്കിന്റെ പേരിൽ വീട്ടുകാർ തന്നോട് അകലത്തിലാണെന്നു പ്രേംനാഥ് പറയുന്നു. അമ്മയ്ക്കൊപ്പം ശിഷ്ട കാലം കഴിയണമെന്നാണു പ്രേംനാഥിന്റെ ആഗ്രഹം. സാമൂഹിക പ്രവർത്തകരായ റഫീഖ് ശ്രീകണ്ഠപുരം, അമീർ കാവനൂർ എന്നിവരുടെ സഹായം ലഭിച്ചതോടെയാണു നാട്ടിലേക്കു മടങ്ങാൻ വഴി തെളിഞ്ഞത്. ഒമാൻ അധികൃതരുടെ ക്ലിയറൻസ് കൂടി ലഭിക്കുന്നതോടെ അടുത്ത ദിവസം തന്നെ പ്രേംനാഥിന് ജൻമനാട്ടിലേക്കു മടങ്ങാം.

MORE IN GULF
SHOW MORE