സുഹൃത്ത് ചതിച്ചു; പ്രവാസി മലയാളി പെരുവഴിയില്‍; ഉറക്കം കാറില്‍; ദുരിതം

pravasi-malayali-duritham-13
SHARE

വ്യവസായത്തില്‍ വഞ്ചിക്കപ്പെട്ട യുവാവ് ഉമ്മുല്‍ഖുവൈനില്‍ ദുരിതത്തില്‍. തിരുവനന്തപുരം പുല്ലുവിള സ്വദേശി സോളമന്‍ ചിന്നപ്പന്‍ (35) ആണ് ബിസിനസ് പങ്കാളി ചതിച്ചതിനെത്തുടര്‍ന്ന് വഴിയാധാരമായത്. കനത്ത ചൂട് സഹിക്കാനാകാതെ പകല്‍നേരം കട വരാന്തകളിലും പള്ളികളിലുമായി സമയം കളയുകയാണ് സോളമന്‍. രാത്രി സ്വന്തം കാറിലാണ് ഉറങ്ങുക. 

താമസിച്ചിരുന്ന മുറിയുടെ വാടക കുടിശ്ശിക വന്നതോടെയാണ് ഉറക്കം കാറിലേക്ക് മാറ്റേണ്ടി വന്നതെന്ന് സോളമന്‍ പറയുന്നു. രണ്ടുവര്‍ഷം മുന്‍പാണ് സോളമനും തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ സുഹൃത്തും ചേര്‍ന്ന് ഉമ്മുല്‍ഖുവൈനില്‍ റസ്റ്ററന്റ് ആരംഭിച്ചത്. 2,08000 ദിര്‍ഹം ആണ് സോളമന്റെ നിക്ഷേപം. സുഹൃത്തും ഏകദേശം ഇത്ര തന്നെ തുക മുടക്കി. 

ബിസിനസ് പങ്കാളിക്ക് കേരളത്തില്‍ മൂന്നര ലക്ഷം രൂപയും നല്‍കി. എന്നിട്ടും സോളമന്റെ പേരില്‍ പാര്‍ട്നര്‍ഷിപ്പ് രേഖ നല്‍കാന്‍ സുഹൃത്ത് തയ്യാറായില്ല. പിന്നാലെ സോളമനെ ബിസിനസില്‍ നിന്ന് പുറത്താക്കി. തങ്ങളുടെ സ്ഥാപനത്തില്‍ അനധികൃതമായി പ്രവേശിക്കുന്നു എന്നുകാണിച്ച് പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് സോളമന്‍ അറസ്റ്റിലുമായി. 

കഴിഞ്ഞ നാല് മാസമായി കാറിലാണ് ജീവിതം. പട്ടിണിയും ദുരിതവും മാത്രമാണ് സോളമന് പങ്കുവെക്കാനുള്ളത്. സുഹൃത്തുക്കളാണ് കാറില്‍ പെട്രോളൊഴിച്ച് നല്‍കുന്നത്. താന്‍ ദുരിതത്തിലായതോടെ കുടുംബവും പ്രതിസന്ധിയിലായെന്ന് സോളമന്‍ പറയുന്നു. പുല്ലുവിളയിലെ വീട് പൊളിഞ്ഞു വീഴാറായി. നാട്ടില്‍ നിന്ന് സ്വത്തുക്കള്‍ വിറ്റും സഹോദരിയുടെ സ്വര്‍ണാഭരങ്ങള്‍ വിറ്റുമാണ് ബിസിനസ് തുടങ്ങാന്‍ പണം കണ്ടെത്തിയത്. 

ചതിച്ച സുഹൃത്തിനെതിരെ നിയമനടപടി ആരംഭിച്ചെന്ന് സോളമന്‍ പറയുന്നു. 

MORE IN GULF
SHOW MORE