എരഞ്ഞോളിയെ ഗൾഫിന്റെ ഖല്‍ബില്‍ കുടിയിരുത്തിയ മൂസ

moosa-gulf-06
SHARE

ആദ്യകാലത്തെ പ്രവാസിമലയാളികളെ ഏറ്റവുമധികം സ്വാധീനിച്ച പാട്ടുകാരനായിരുന്നു മാപ്പിളപ്പാട്ടിൻറെ സുൽത്താൻ എരഞ്ഞോളി മൂസ. പ്രവാസികൾ നൽകിയതു മാത്രമാണ് ജീവിതത്തിൽ ബാക്കിയുള്ളതെന്നു പലവട്ടം മൂസ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഒടുവിൽ എരഞ്ഞോളിയെന്ന ഗ്രാമത്തെ ഗൾഫിന്റെ ഖൽബിൽ കുടിയിരുത്തിയാണ് മൂസയുടെ മടക്കം.

ആദ്യകാലത്തെ പ്രവാസികളുടെ ചെറിയ മുറികളുടെ ചുമരുകളിൽ തട്ടിയ പ്രണയത്തിനും വിരഹത്തിനും ഓർമകൾക്കുമെല്ലാം ഈ സ്വരം അകമ്പടിയായിരുന്നു. കത്തുപാട്ടുകളും മാപ്പിളപ്പാട്ടുകളിലുമൊക്കെയായി എരഞ്ഞോളി മൂസയുടെ സംഗീതത്തെ സമാനതകളില്ലാതെയാണ് പ്രവാസിമലയാളികൾ ഏറ്റെടുത്തത്, സ്നേഹിച്ചത്. ആ പ്രവാസിമലയാളികളെക്കുറിച്ചു ഒൻപതു വർഷങ്ങൾക്കു മുൻപ് ദുബായ് ക്രീക്കിലെ കടൽകാറ്റേറ്റു മനോരമ ന്യൂസിനോട് മൂസ പറഞ്ഞതിങ്ങനെ.

എരഞ്ഞോളിയിലെ വയൽകാറ്റേറ്റ സംഗീതം, ഗൾഫ് നാടുകളിലെ പേരറിയാത്ത അനേകം ജീവിതങ്ങളെ ധന്യമാക്കി. മധുരമേറിയ ഈണങ്ങളിൽ ഗൃഹാതുരമായ നാട്ടുവഴികളുടെ ചൂരും ചൂടുമുണ്ടെന്നു ആദ്യം തിരിച്ചറിഞ്ഞതും പ്രവാസികളായിരുന്നു.

ഒടുവിൽ പാട്ടുമാത്രം ബാക്കിയാക്കി എരഞ്ഞോളി മൂസ വിടപറയുമ്പോൾ പ്രവാസലോകം ഓർമകളിലാണ്. മെഹ്റാജ് രാവിലെ, മരുഭൂ തണിപ്പിച്ച കാറ്റിൻറെ മണമുള്ള സംഗീതത്തിൻറെ ഓർമകളിൽ...

MORE IN GULF
SHOW MORE