ദുബായിലെ പാക്കിസ്താനി രോഗിക്ക് മലയാളികളുടെ സഹായം; കാരുണ്യം; വിഡിയോ

pak-patient.jpg.image.784.410
SHARE

ജീവിതപ്രതിസന്ധികൾക്കും ദുരിതങ്ങൾക്കും അതിർത്തികളോ ശത്രുതയോ, ജാതിയോ മതമോ ഇല്ലെന്ന് പ്രഖ്യാപിച്ച് ഒരു പറ്റം മലയാളികൾ. കരാമ പാർക്കിൽ അന്തിയുറങ്ങുന്ന രോഗിയും നിരാലംബനുമായ പാക്കിസ്ഥാൻ സ്വദേശിയെ കഴിഞ്ഞ ഒരു മാസമായി സഹായിക്കുന്നത് മനുഷ്യത്വത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഇവരാണ്. കറാച്ചി സ്വദേശി ഫാറൂഖ് മഹമൂദാ(49)ണ് ജീവിതത്തിൽ അപ്രതീക്ഷിതമായ അടിയേറ്റ് ചൂടും തണുപ്പുമേറ്റ് പാർക്കിൽ വീണുകിടക്കുന്നത്. ജീസസ് യൂത്ത് ഔട്ട് റീച്ച് പ്രവർത്തകരായ ഷിജിൻ, റോബിൻ, ഷിബു,അയ്യപ്പദാസ്, നിപിൻ എന്നിവരും രഹ്ന എന്ന യുവതിയുമാണ് ആരാണെന്നോ എന്താണെന്നോ ചിന്തിക്കാതെ സഹായവുമായെത്തിയത്. ജോലി കഴിഞ്ഞുള്ള സമയവും അവധി ദിനങ്ങളും ഇവരെല്ലാം ഇദ്ദേഹത്തിന് കൂട്ടിരിക്കുന്നു.

ഡൗൺടൗൺ ദുബായിലെ ഒരു ഹോട്ടലിൽ ഉന്നത തസ്തികയിൽ ജോലി ചെയ്തിരുന്ന ഫാറൂഖ് കുടുംബത്തിന് വേണ്ടി ബാങ്കിൽ നിന്ന് 4 ലക്ഷം ദിർഹം വായ്പയെടുത്തതോടെയാണ് കഷ്ടകാലം തുടങ്ങുന്നത്. 3 ലക്ഷം ദിർഹം  തിരിച്ചടച്ചു. ബാക്കി ഒരു ലക്ഷം അടക്കാനുണ്ട്. ഇതിനിടയ്ക്ക് പക്ഷാഘാതം വന്നതോടെയാണ് ജീവിതം പ്രതിസന്ധിയിലായത്.  ഇടയ്ക്ക് കുടുംബത്തെ നാട്ടിലേയ്ക്കയച്ചു വായ്പ തിരിച്ചടക്കാടുള്ള ശ്രമം തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. പിന്നീട് ജോലി നഷ്ടപ്പെട്ടതോടെ ഇദ്ദേഹത്തിന് മടങ്ങാനുമായില്ല. താമസത്തിന് സ്ഥലമോ ഭക്ഷണമോ  ചികിൽസയോ ഇല്ലാതെ കരാമ പാർക്കിൽ കഴിഞ്ഞ ഒരു മാസത്തോളമായി  കഴിയുകയാണ്. 

pak-patient2.jpg.image.784.410

കൃത്യമായി ഭക്ഷണം പോലുമില്ലാതെ പാർക്കിൽ കഴിഞ്ഞിരുന്ന ഫാറൂഖ് മഹമൂദ് എന്നയാളുടെ അവസ്ഥ പരിതാപകരമാണെന്ന് ഇവരെ സഹായിക്കുന്ന  ജീസസ് യൂത്ത് ഔട്ട് റീച്ച് പ്രവർത്തകൻ പറയുന്നു. അവിചാരിതമായാണ് ഇദ്ദേഹത്തെ കരാമ പാർക്കിൽ കിടക്കുന്നത് കണ്ടത്. വളരെ ദൈന്യമായ മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ച് അദ്ദേഹം തൻറെ കദന കഥ വിവരിച്ചു. ഉന്നത നിലയില്‍ നിന്ന് താഴേയ്ക്ക് പതിച്ചുപോയ ഇദ്ദേഹത്തെ സഹായിക്കാൻ ആരുമെത്തിയിരുന്നില്ല. കിടക്കാൻ മെത്തയും മറ്റു വസ്തുക്കളും നൽകി. രഹ്നയാണ് വീൽചെയർ എത്തിച്ചത്. ഞങ്ങൾ പാക്കിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. പക്ഷേ, അതൊന്നും കാര്യമാക്കാതെ എല്ലാ ദിവസവും അദ്ദേഹത്തിനരികിലെത്തുന്നു. പക്ഷാഘാതം തളർത്തിയ കൈകാലുകൾ നിർജീവമാണ്. പാർക്കിൽ മുനിസിപാലിറ്റി അധികൃതർ നിത്യവും വെള്ളം തളിക്കുമ്പോൾ അദ്ദേഹത്തെ മാറ്റി കിടത്തേണ്ടതുണ്ട്. ഇടയ്ക്ക് ദുബായ് റാഷിദ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്നും ഡിസ്ചാർജ് ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകേണ്ടതിനാൽ അതിനുള്ള ശ്രമം നടത്തുന്നു.

എല്ലാ ദിവസവും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹം കഴിക്കാൻ കൂട്ടാക്കുന്നില്ല. ശൗചാലയത്തിൽ പോകാൻ പരസഹായം വേണ്ടതിനാൽ ഒഴിവാക്കുന്നതാണ്. കഴിഞ്ഞ ദിവസം എല്ലാവരും ചേർന്ന് ഫാറൂഖ് മഹമൂദിനെ കുളിപ്പിക്കുകയും ഷേവ് ചെയ്യിക്കുകയും ചെയ്തു. തന്നെ സഹായിക്കാൻ പാക്കിസ്ഥാൻ കോൺസുലേറ്റ് അധികൃതരോ നാട്ടുകാരോ എത്തിയിട്ടില്ലെന്ന് ഇദ്ദേഹം ഖേദപൂർവം പറയുന്നു. എത്രയും പെട്ടെന്ന് ബാങ്ക് വായ്പ തിരിച്ചടച്ച് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോകണമെന്നാണ് ഫാറൂഖ് മഹമൂദിൻ്റെ ആഗ്രഹമെന്ന് ഇദ്ദേഹത്തെ സഹായിച്ച സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ഇൗപ്പൻ തോമസ് പറഞ്ഞു. സഹായിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ:  00971 56 1810827(റോബിൻ ജോർജ്), 056 6661335(ഫാറൂഖ്).   

MORE IN GULF
SHOW MORE