ദുബായിലെ നവജാതശിശുക്കൾക്ക് ജനിക്കുമ്പോൾ മുതൽ ഇൻഷുറൻസ് പരിരക്ഷ

dubai-skyline
SHARE

ദുബായിലെ നവജാതശിശുക്കൾക്ക് ജനിക്കുമ്പോൾ മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി പ്രത്യേക പദ്ധതി. പരിരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദുബായ് ഹെൽത്ത് അതോറിറ്റി ഇൻഷുറൻസ് കമ്പനികൾക്കു നിർദേശം നൽകി.

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ പുതിയ തീരുമാനമനുസരിച്ചു ജനിച്ചതിനു ശേഷമുള്ള മുപ്പതു ദിവസത്തേക്കു അമ്മയുടെ ആരോഗ്യ ഇൻഷുറൻസിൽ കുട്ടിയേയും ചേർക്കും. ഈ കാലാവധി തീരും മുൻപ്, കുടുംബത്തിലെ മറ്റു അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കു തുല്യമായ പരിരക്ഷ കുട്ടിക്കും ഉറപ്പാക്കണമെന്നാണ് നിർദേശം. പൂർണവളർച്ചയെത്താതെ പിറക്കുന്ന കുട്ടിക്കും ഈ ആനുകൂല്യം ഉറപ്പാക്കണമെന്നും പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതായും അതോറിറ്റി വ്യക്തമാക്കി. നിലവിൽ ജനിച്ച്‌ ആറുമാസങ്ങൾക്കുശേഷമാണ് നവജാതശിശുക്കൾക്ക് പല ഇൻഷുറൻസ് കമ്പനികളും ഇൻഷുറൻസ് പരിരക്ഷ അനുവദിക്കുന്നത്. ജനനസമയത്തോ തുടർന്നോ ഉണ്ടാകുന്ന സങ്കീർണതകളും അസുഖങ്ങളും വലിയ സാമ്പത്തികചിലവിനു കാരണമാകാറുണ്ട്. അതിനാൽ തന്നെ പുതിയ നിയമപ്രകാരം ജനിച്ചയുടൻ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് അത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കും. അതേസമയം. മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പാക്കേജുകളും പരിഗണനയിലാണ്. നിശ്ചയദാർഢ്യ വിഭാഗക്കാരുടെ ദന്തചികിത്സയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതും ആലോചനയിലുണ്ടെന്ന് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

MORE IN GULF
SHOW MORE